walayar-dam

വാളയാർ: വാളയാർ ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി നടത്തുന്ന ഖനനം 40 ശതമാനം പൂർത്തിയായി. പ്രത്യേക പ്ലാന്റ് സ്ഥാപിച്ച് നടത്തുന്ന ഖനനത്തിലൂടെ ഇതുവരെ 41,640 ക്യുബിക് മീറ്റർ അളവിൽ മണ്ണും മണലും പുറത്തെടുത്തു. ഇതിൽ 41,630 ക്യുബിക് മീറ്റർ അളവിൽ വിൽപന നടത്തി. മണ്ണും ചെളിയും 35,603 ക്യുബിക് മീറ്റർ അളവിലും മണൽ 6,027 ക്യുബിക്കുമാണ് വിൽപന നടത്തിയത്. മഴ കൂടി ഡാമിൽ വെള്ളം നിറഞ്ഞതിനാൽ ഇടക്കാലത്തു മണലും ചെളിയുടെയും വിൽപന നിർത്തിവച്ചിരുന്നു. ആകെ 13.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണും ചെളിയും അടങ്ങിയ മിശ്രിതമാണ് ഖനനം ചെയ്‌തെടുക്കുക. കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപറേഷന്റെ (കെംഡൽ) നേതൃത്വത്തിലാണ് പദ്ധതി. ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡാണ് നിർമ്മാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. 2023 ഫെബ്രുവരി 2നാണ് ഖനനം ആരംഭിച്ചത്. 2026ൽ പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

രണ്ടാം ഘട്ടം ഉടൻ
രണ്ടാം ഘട്ടത്തിൽ ഖനനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രദേശത്ത് 'ന്യുമാറ്റിക് ട്രഞ്ചിംഗ് മെഷീൻ' ഉപയോഗിച്ചായിരിക്കും ഖനനം നടത്തുക. ഇതിനോടകം പ്ലാന്റിലെ ഫിൽറ്ററൈസേഷൻ സംവിധാനത്തിലൂടെ മണലും ചെളിയും അരിച്ചെടുക്കുന്ന പ്രക്രിയ പൂർത്തിയായിട്ടുണ്ട്. ഖനനം ചെയ്‌തെടുക്കുന്ന മിശ്രിതം പ്ലാന്റിലൂടെ ചെളി, എക്കൽ മണ്ണ്, മണൽ എന്നിവ വേർതിരിച്ചു മാറ്റി അണക്കെട്ടിലെ വിവിധയിടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. മണൽ നിർമ്മാണ മേഖലയിലേക്കും ചെളി കർഷകർക്ക് വളമായുമാണു നൽകുന്നത്.

ഇവ ടെൻഡർ വഴി സുതാര്യമായ നടപടികളിലൂടെയാണു വിൽപന നടത്തുന്നത്. അണക്കെട്ടിലെ വെള്ളത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കാത്ത രീതിയിലും പരിസ്ഥിതിക്കു ദോഷമാവാത്ത രീതിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. 2018ലെ പ്രളയത്തിനു ശേഷം ഡാമുകളുടെ ആഴം കൂട്ടാനായി അന്നത്തെ മന്ത്രി എം.എം.മണി പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണു വാളയാർ ഡാം ആഴം കൂട്ടുന്നത്.