പാലക്കാട്: കിഴക്കൻ മേഖലയിലെ കള്ളുഷാപ്പുകൾ ഏറ്റെടുക്കാൻ ആളില്ല. ജില്ലയിൽ ലൈസൻസ് പുതുക്കാത്ത രണ്ട് ഗ്രൂപ്പുകളിലെ 10 ഷാപ്പുകൾക്കായി എക്‌സൈസ് അധികൃതർ വീണ്ടും നടത്തിയ ഓൺലൈൻ ലേലത്തിലും ഷാപ്പുകൾ ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഇതോടെ, ചിറ്റൂർ മേഖലയിൽ ഏപ്രിൽ ഒന്നുമുതൽ പൂട്ടിക്കിടക്കുന്ന ഈ ഷാപ്പുകൾ തുറക്കുന്നതിനായി തൊഴിലാളിസമിതികൾക്ക് കൈമാറേണ്ടിവരുമെന്നാണ് സൂചന. ചിറ്റൂർ റേഞ്ചിലെ 11, 13 ഗ്രൂപ്പുകളിൽപ്പെട്ട ഷാപ്പുകളാണ് വിൽക്കാനാകാത്തത്. ചിറ്റൂർ 11-ാം ഗ്രൂപ്പിലെ ചുള്ളിപ്പെരുക്കപ്പാറ(നമ്പർ 35), കുരങ്ങംപള്ളം(41), സൂര്യപാറ(74), കരിമണ്ണ്(75), പെരുമ്പാറച്ചള്ള(76) എന്നിവയ്ക്കുപുറമേ, 13-ാം ഗ്രൂപ്പിലെ കരുവപ്പാറ(43), അപ്പുപ്പിള്ളയൂർ(56), ഇരട്ടക്കുളം(57), ചെട്ടികുളം (79), കുന്നങ്കാട്ടുപതി(80) എന്നീ ഷാപ്പുകളാണ് ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ അടഞ്ഞു കിടക്കുന്നത്. മാസങ്ങളായി തൊഴിലാളികൾ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ബുദ്ധിമുട്ടിലാണ്.

 തോപ്പുകളിൽ കള്ള് വില്പന വ്യാപകം

മാർച്ച് 31ന് കാലാവധി കഴിഞ്ഞ ഷാപ്പ് ലൈസൻസുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിലുള്ള ലൈസൻസികൾക്കുതന്നെ ആറുമാസത്തേക്ക് എക്‌സൈസ് പുതുക്കിനൽകിയിരുന്നു. എന്നാൽ, വിൽപ്പന കുറവായ ഷാപ്പുകൾ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ലൈസൻസികൾ ലൈസൻസ് പുതുക്കാൻ തയ്യാറായില്ല. ഇതോടെയാണ് ഷാപ്പുകൾ അടച്ചിടേണ്ടിവന്നത്. ഇതോടൊപ്പമുണ്ടായിരുന്ന ഒറ്റപ്പാലം ഏഴാം ഗ്രൂപ്പിൽപ്പെട്ട അഞ്ചുഷാപ്പുകൾ ആഗസ്റ്റ് 23ന് ലേലത്തിൽ വിൽക്കാനായി. എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതിയോടെയാണ് ഷാപ്പുകളുടെ ലേലം നടത്തിയത്. മുൻ ലൈസൻസികളുടെ കാലത്ത് നിശ്ചയിച്ചിരുന്ന വിലയുടെ പകുതി വില നിശ്ചയിച്ചാണ് രണ്ടാംതവണ ലേലം നടത്തിയത്. തമിഴ്നാട് അതിർത്തിമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള ഈ ഷാപ്പുകൾ സമീപകാലംവരെ വലിയതോതിൽ കള്ളുവില്പന നടന്നിരുന്ന ഇടങ്ങളാണ്. അതിർത്തിമേഖലയിൽ സെക്കൻഡ്‌സ് മദ്യവിൽപ്പന വ്യാപകമായതോടെ തമിഴ്നാട്ടിൽ നിന്നടക്കം ഷാപ്പിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞു. സമീപത്തെ തോപ്പുകൾ കേന്ദ്രീകരിച്ച് നേരിട്ട് കള്ളുവില്പന നടക്കുന്നതും ഷാപ്പുകൾ നഷ്ടത്തിലാകാൻ കാരണമായി.