 
 യാത്രക്കാർ ഇരട്ടിയായി, വരുമാനം കൂടി
 കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചേക്കും
ഒറ്റപ്പാലം: സംസ്ഥാനത്തെ ഇടത്തരം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ വരുമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ അഞ്ച് സ്റ്റേഷനുകളിൽ ഒന്നായി മാറിയതോടെ ഒറ്റപ്പാലം സ്റ്റേഷന്റെ പദവിയും ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടായ വലിയ വർദ്ധനവോടെയാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് ഗ്രേഡ് ഉയർത്താനായത്.
ഇതോടെ റെയിൽവേയുടെ പുതിയ ഗ്രേഡ് പട്ടികയിൽ സ്റ്റേഷൻ നോൺ സബ് അർബൻ ഗ്രൂപ്പ് (എൻ.എസ്.ജി) മൂന്നിലേക്ക് (3) ഉയർന്നു. ഈ ഗ്രേഡിലേക്ക് സംസ്ഥാനത്തുനിന്ന് കാസർകോട്, പയ്യന്നൂർ, കൊയിലാണ്ടി, തിരുവല്ല സ്റ്റേഷനുകൾക്കൊപ്പമാണ് ഒറ്റപ്പാലവും ഉയർന്നത്. യാത്രക്കാരുടെ എണ്ണത്തിന്റെയും ടിക്കറ്റ് റിസർവേഷൻ വരുമാനത്തിന്റെയും ചരക്ക് നീക്കത്തിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ഗ്രേഡ് കണക്കാക്കുന്നത്. പ്രധാന സ്റ്റേഷനായിട്ടും നേരത്തേ എൻ.എസ്.ജി നാലാം ഗ്രേഡിലായിരുന്നു ഒറ്റപ്പാലം.
വരുമാനത്തിലുമുണ്ട് വലിയ വർദ്ധന
കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ മൂന്നുകോടിയോളം രൂപ അധിക വരുമാനമുണ്ടാക്കാൻ ഒറ്റപ്പാലത്തിനായി. വരുമാനം 20 കോടി രൂപയായി. ഷൊർണൂർ, പാലക്കാട് എന്നീ പ്രധാന സ്റ്റേഷനുകളുടെ ഇടയിലായിട്ടും ഇത്രയും യാത്രക്കാരുടെ വർദ്ധനയുണ്ടാക്കാനായെന്നതാണ് നേട്ടം. പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത് നിറുത്തലാക്കിയിരുന്നു. അവ പുനഃസ്ഥാപിക്കാൻ ഇപ്പോഴത്തെ നേട്ടം ഒറ്റപ്പാലത്തിനെ സഹായിക്കുമെന്നാണ് കണക്ക് കൂട്ടൽ. പുതിയ മുഖം നൽകുന്ന ഇപ്പോഴത്തെ നവീകരണ പ്രവൃത്തി പൂർത്തിയാക്കി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ ഒറ്റപ്പാലം സ്റ്റേഷൻ കൂടുതൽ യാത്രക്കാർക്ക് സഹായകരമാകും. വരുമാനം ഇനിയും ഉയരുകയും ചെയ്യും. ഒറ്റപ്പാലം സ്റ്റേഷനിലൂടെ കടന്നുപോകുന്ന എല്ലാ യാത്രാവണ്ടികൾക്കും സ്റ്റോപ്പ് അനുവദിച്ചാൽ മലബാറിലേക്കുള്ള യാത്രക്കാർക്കുകൂടി ഗുണകരമാകും.
യാത്രക്കാരുടെ എണ്ണം ഇരട്ടിയായി
കഴിഞ്ഞ സാമ്പത്തികവർഷത്തെ അപേക്ഷിച്ച് ഒറ്റപ്പാലത്ത് യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. 2023-24 വർഷത്തെ കണക്കുപ്രകാരം ദിവസേന 5,172 യാത്രക്കാരാണ് ഒറ്റപ്പാലം സ്റ്റേഷനിൽ നി ന്ന് ട്രെയിൻ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നത്. 2022-23 വർഷത്തിൽ പ്രതിദിനം ഇത് 2,585 പേരായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ഒമ്പതുലക്ഷം യാത്രക്കാർ വന്നപ്പോൾ ഇത്തവണ അത് 18 ലക്ഷത്തോളമായി. 17.42 കോടി രൂപയായിരുന്ന വരുമാനം 20 കോടി രൂപയിലേക്ക് എത്തിക്കാനുമായി.