 
 പൂർണമായ ഒ.പിയും തുടങ്ങും
 ഒ.പിയും കിടത്തിച്ചികിത്സയും ഇനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
 ഗൈനക്കോളജി വിഭാഗം ജില്ലാ ആശുപത്രിയിൽ തന്നെ തുടരും
 ഒ.പി വഴി മാത്രമായിരിക്കും രോഗികളെ പ്രവേശിപ്പിക്കുക
പാലക്കാട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടത്തിച്ചികിത്സ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഒപ്പം പൂർണമായ ഒ.പിയും തുടങ്ങും. ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ക്ലിനിക്കൽ വിഭാഗം പ്രവർത്തനം നിറുത്തിയിരുന്നു. ജനറൽ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, സൈക്യാട്രി, ജനറൽ സർജറി, പീഡിയാട്രിക്‌സ്, പൾമണോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഒ.പിയും കിടത്തിച്ചികിത്സയും ഇനി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരിക്കും. എന്നാൽ ഗൈനക്കോളജി വിഭാഗം ജില്ലാ ആശുപത്രിയിൽ തന്നെ തുടരും. ഇതുവരെ ജില്ലാ ആശുപത്രിയുടെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഓപ്പറേഷനും കിടത്തിച്ചികിത്സയുമൊക്കെ നടത്തിയിരുന്നത്. ഒപ്പം ഒ.പിയും പ്രവർത്തിച്ചിരുന്നു. രണ്ട് ഓപ്പറേഷൻ തിയറ്ററും രണ്ട് ഐ.സി.യുവും 120 കിടക്കകളും നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. പട്ടികജാതി -വർഗ വകുപ്പിനുകീഴിൽ 2014ലാണ് പാലക്കാട് മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിച്ചത്. കൂടുതൽ സൗകര്യങ്ങൾക്ക് പുറമേ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെയും നിയമിക്കും.
സി.ടി സ്‌കാൻ, എം.ആർ.ഐ, ബ്ലഡ് ബാങ്ക് എന്നിവയ്ക്ക്
ജില്ലാ ആശുപത്രിയെ തന്നെ ആശ്രയിക്കണം
ഒ.പി വഴി മാത്രമായിരിക്കും രോഗികളെ പ്രവേശിപ്പിക്കുക. എക്‌സ്‌റേ, ലാബ് സൗകര്യം എന്നിവ നിലവിലുണ്ട്. എന്നാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാനായിട്ടില്ല. സി.ടി സ്‌കാൻ, എം.ആർ.ഐ, ബ്ലഡ് ബാങ്ക് എന്നീ സൗകര്യങ്ങൾക്ക് ജില്ലാ ആശുപത്രിയെതന്നെ ആശ്രയിക്കണം. ഈ സംവിധാനങ്ങൾ എത്രയുംവേഗം മെഡിക്കൽ കോളേജിൽ സാദ്ധ്യമാക്കാനുള്ള നടപടികൾക്കും തുടക്കമായി.