നെന്മാറ: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന പശു വളർത്തൽ സബ്സിഡി അപ്രതീക്ഷിതിമായി നിറുത്തിവച്ചു. നെന്മാറ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ നിന്ന് പുതുതായി 50 ശതമാനം സബ്സിഡിയോടെ പശു വാങ്ങുന്ന പദ്ധതിക്കാണ് സർക്കാർ ഫണ്ട് ചെലവഴിക്കുന്നത് നിറുത്തിവച്ചത്. നെന്മാറ, മേലാർകോട്, അയിലൂർ, വണ്ടാഴി, എലവഞ്ചേരി പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരാണ് ക്ഷീരവകുപ്പിന്റെ നടപടി മൂലം ദുരിതത്തിലായത്. പരമാവധി 65,000 രൂപ വില വരുന്ന പശുവിന് അതിന്റെ പകുതി തുകയാണ് സബ്സിഡിയായി നൽകുക. കേരളത്തിന് പുറത്തുനിന്നേ പശുവിനെ വാങ്ങാവൂ,​ മൃഗ ഡോക്ടർ നിശ്ചയിക്കുന്ന തുകയ്ക്കുള്ള ഇൻഷ്വറൻസ് തുക അടയ്ക്കണം തുടങ്ങിയ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ക്ഷീരകർഷകർ അപേക്ഷ നൽകി അനുമതി ലഭിച്ച ശേഷം പശുവിനെ വാങ്ങിയത്. ഇതിന്റെ രേഖകൾ സഹിതം ബ്ലോക്ക് തല ക്ഷീര വികസന ഓഫീസുകളിൽ മാസങ്ങൾക്കു മുമ്പ് സബ്‌സിഡിക്കായി അപേക്ഷകളും രേഖകളും നൽകുകയും ചെയ്തു. എന്നാൽ സർക്കാർ ഈ പദ്ധതിക്ക് അനുവദിച്ച തുക നിറുത്തിവച്ചതായി ഈ മാസമാദ്യമാണ് ക്ഷീരവികസന ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ കടം വാങ്ങിയും മറ്റും പശുവിനെ വാങ്ങിയ കർഷകർ ദുരിതത്തിലായി. വകുപ്പ് നിർദ്ദേശിച്ച പ്രകാരം സംസ്ഥാനത്തിന് പുറത്തുനിന്നു തന്നെ പശുക്കളെ വാങ്ങിക്കൊണ്ടു വരികയും കടത്തു കൂലി,​ ഇൻഷ്വറൻസ് തുടങ്ങി പലവകയിലായി ഭീമമായ തുക ചെലവാക്കുകയും ചെയ്തതായി കർഷക‌ർ പറയുന്നു. സബ്സിഡി ലഭിക്കുമെന്ന കണക്കുകൂട്ടലിൽ സ്വർണം പണയം വച്ചും മറ്റുമാണ് പലരും പശുവിനെ വാങ്ങാൻ പണം കണ്ടെത്തിയത്. മാസങ്ങളായി ഓമനിച്ചു വളർത്തുന്ന പശുക്കളെ വിറ്റ് ബാധ്യത തീർക്കാനും ഇവർ മടിക്കുകയാണ്. പ്രഖ്യാപിച്ച ശേഷം സാമ്പത്തിക വർഷം പകുതി ആയപ്പോൾ പദ്ധതി ഉപേക്ഷിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. അതിനാൽ പദ്ധതി പുനസ്ഥാപിച്ച് വാഗ്ദാനം ചെയ്ത സബ്സിഡി തുകയും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് മേഖലയിലെ ക്ഷീര കർഷകർ ആവശ്യപ്പെട്ടു. സബ്‌സിഡി പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ക്ഷീര കർഷകർ വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.