take-a-break

ഷൊർണൂർ: കൊച്ചിൻ പാലത്തിന് സമീപം ഷൊർണൂർ നഗരസഭയുടെ വഴിയിടം പദ്ധതി 'വഴിയില്ലാത്ത വഴിയിടമായി' മാറി. 52.68 ലക്ഷം കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് പണിതീർത്ത് പ്രവർത്തനമാരംഭിച്ച വഴിയിടത്തിൽ വഴിയുമില്ല, യാത്രക്കാർക്കുള്ള മൂത്രപുരയും, സ്ത്രീകൾക്കുള്ള മുലയൂട്ടൽ കേന്ദ്രവും പേരിന് മാത്രം, മുലയൂട്ടൽ കേന്ദ്രം അടച്ചുപൂട്ടിയ നിലയിലാണ്. വഴിയിടം കെട്ടിടത്തിൽ ഇങ്ങനെയൊരു മുറി ഉണ്ടെന്ന് കണ്ടുപിടിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഇതിലേക്ക് പ്രവേശിക്കാൻ വലിയ കല്ലുകളും, ചെളിക്കെട്ടും ചാടി കടക്കണം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് വേണ്ടി മുൻഭാഗം മുഴുവൻ നൽകി കൊണ്ട് വഴിയിടം പദ്ധതി അപ്രസക്തമാക്കിയിരിക്കയാണ് ഷൊർണൂർ നഗരസഭയിലെ ഈ പദ്ധതി.

സമീപത്തെ ഹോട്ടലിൽ വരുന്നവർ ഭക്ഷണം കഴിച്ച ശേഷം പലരും പുകവലിക്കാൻ കയറി നിൽക്കുന്നത് ഈ വഴിയിടത്തിലാണ്. കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾ പരിപാലിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിനും അലംഭാവമാണെന്ന് പരാതിയുണ്ട്. കുളപ്പുള്ളി ബസ് സ്റ്റൻഡിലും വഴിയിടം വേണ്ടത്ര ശുചീകരണമില്ലാത്ത അവസ്ഥയിലാണ്.

വൃത്തിയില്ലാതെ മുലയൂട്ടൽ കേന്ദ്രം

കെട്ടിടത്തിന്റെ തെക്കുഭാഗത്തെ മൂലയിൽ ഒതുക്കിയ മൂത്ര പുരയും, മുലയൂട്ടൽ കേന്ദ്രവും പുകവലിക്കാരുടെയും, കഞ്ചാവ് ഇടപാടുകാരുടെയും കേന്ദ്രമായി മാറിയിരിക്കയാണ്. ഇത് ഉപയോഗിക്കാൻ ആരും വരരുതെന്ന രീതിയിലാണ് അധികൃതരുടെ സമീപനവും. സ്ത്രീകൾക്ക് ഒറ്റക്ക് ഉപയോഗിക്കാൻ പോകാൻ പറ്റാത്ത അവസ്ഥയാണിവിടെ. ദുർഗന്ധവും വൃത്തിയില്ലാത്ത നിലയിലും മുലയൂട്ടൽ കേന്ദ്രം കൊണ്ടുനടക്കുന്നതിൽ പരാതി വ്യാപകമാവുന്നുണ്ട്.