വീണ നെൽ ചെടികൾ മുളയ്ക്കാൻ തുടങ്ങി
കൊയ്ത്ത് യന്ത്രങ്ങളുടെ അഭാവവും തിരിച്ചടി
മുതലമട: പഞ്ചായത്തിൽ കൊയ്ത്തിന് പാകമായ നെൽച്ചെടികൾ മഴയെ തുടർന്ന് വ്യാപകമായി വീണ് നശിക്കുന്നു. നൂറിലധികം ഏക്കർ നെൽകൃഷിയാണ് കഴിഞ്ഞ മഴയിൽ പാടത്ത് വീണ് നശിച്ചത്. മഴ തുടരെ പെയ്തതിനാൽ വീണ നെൽവിത്തുകൾ പാടത്തു തന്നെ മുളച്ചുപൊന്തിയ നിലയിലാണ്. പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരസമിതിയായ കുറ്റിപ്പാടത്താണ് ഏക്കർ കണക്കിന് നെൽ ചെടികൾ വീണത്. കുറ്റിപ്പാടം പാടശേഖരസമിതിയിലെ മുരളി കുറ്റിപ്പാടത്തിന്റെ 15 ഏക്കറും, ശശിധരൻ പ്ലാകുളമ്പിന്റെ അഞ്ചേക്കറും, യു.ഹനീഫയുടെ മൂന്നേക്കറും നെൽപ്പാടങ്ങൾ ഇതിൽപ്പെടും. വീണ നെൽ ചെടികൾ കൊയ്‌തെടുക്കാൻ കൊയ്ത്ത് യന്ത്രങ്ങളുടെ അഭാവവും കർഷകർക്ക് തിരിച്ചടിയാണ്. തമിഴ്നാട്ടിൽ നിന്ന് കൂടുതൽ യന്ത്രങ്ങൾ എത്തുന്നില്ല. വൈക്കോൽ നശിക്കാത്ത രീതിയിൽ കൊയ്യുന്ന യന്ത്രങ്ങളാണ് കർഷകർക്കാവശ്യം. ഇപ്പോഴുള്ളത് ചെറിയ യന്ത്രങ്ങളാണ്. അവ ചെളിയിൽ കൊയ്യാനും വൈക്കോൽ ശേഖരിക്കാനും സാധ്യമാകില്ല. കൊയ്‌തെടുത്തു നെല്ല് സംഭരിക്കാനുള്ള സർക്കാർ നടപടികളുടെ മെല്ലെ പോക്കാണ് കർഷകരുടെ മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. നെല്ല് ഉണക്കി സൂക്ഷിക്കാനാവാത്തതും സപ്ലൈകോ നെല്ല് സംഭരണം വൈകിപ്പിക്കുന്നതും കർഷകരെ ഏറെ പ്രയാസപ്പെടുത്തുന്നു. പാതയോരത്തും കറ്റക്കളങ്ങളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് കർഷകർ നെല്ലുണക്കിയെടുക്കുന്നത്.
15 ഏക്കർ നെൽകൃഷി വീണു നശിച്ചു. കൊയ്ത്ത് യന്ത്രങ്ങളുടെ അഭാവവും തൊഴിലാളി ക്ഷാമവും മഴയും തിരിച്ചടിയായി. കൊയ്‌തെടുത്ത നെല്ല് സംഭരിക്കാനുള്ള സർക്കാർ നടപടികൾ വേഗത്തിലാക്കണം.
മുരളി കുറ്റിപ്പാടം, കേരള കർഷകസംരക്ഷണസമിതി സംസ്ഥാന വൈസ് പ്രസിഡന്റ്