coconut
coconut

പാലക്കാട്: സംസ്ഥാനത്തെ നാളികേര കർഷകർക്ക് ആശ്വാസമായി പച്ചത്തേങ്ങവില കുതിക്കുന്നു. മൊത്തവിപണിയിൽ കിലോയ്ക്ക് 45 രൂപയാണ് വില. 55-60 രൂപവരെയുണ്ട് ചില്ലറവിൽപ്പന വില. 2021ന്റെ അവസാനം തുടങ്ങിയ വിലയിടിവിൽ നാളികേര വില 21 രൂപവരെ താഴ്ന്നിരുന്നു. പിന്നീട് കുറച്ചുകാലം ശരാശരി 25 രൂപയാണ് കിട്ടിയത്. ഈ വർഷം ആദ്യം 30 രൂപ കടന്നെങ്കിലും താങ്ങുവിലയായ 34 രൂപ കടക്കാൻ പിന്നെയും ഒമ്പതുമാസമെടുത്തു. അവിടെ നിന്ന് 45 രൂപയിലെത്താൻ പക്ഷേ, ഒരാഴ്ച വേണ്ടിവന്നില്ല. ഒരു മാസം കൊണ്ട് മാത്രം നാളികേര വില കിലോയ്ക്ക് 13 രൂപയോളം വർദ്ധിച്ചു. അടുത്ത കാലത്തൊന്നും പച്ചത്തേങ്ങയ്ക്ക് ഇത്രയധികം വിലഉയർന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിനുമുൻപ് 2017ൽ കിലോയ്ക്ക് 42 -43 രൂപവരെ ലഭിച്ചിരുന്നു. വിലകൂടിയതോടെ പച്ചത്തേങ്ങ കിട്ടാത്ത പ്രശ്നവുമുണ്ട്. ഉത്പാദനം കുറഞ്ഞതാണ് പ്രധാനപ്രശ്നം. കേരളത്തിൽ 2022 -23, 2023 -24 വർഷങ്ങളിൽ നാളികേര ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഉത്പാദനത്തിൽ കർണാടകവും തമിഴ്നാടും കേരളത്തെ മറികടക്കുകയും ചെയ്തു. ഉത്പാദനം കുറഞ്ഞതിന് പുറമേ, വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ ചിലർ പച്ചത്തേങ്ങ പിടിച്ചുവയ്ക്കുന്നുണ്ട്. തേങ്ങ വില കൂടിയതോടെ കൊപ്ര ഉത്പാദനം പലരും നിറുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ മില്ലുകാരും ഉത്പാദനം കുറച്ചിട്ടുണ്ട്.

വെളിച്ചെണ്ണ, പാമോയിൽ വിലയും കൂടുന്നു

തേങ്ങയ്ക്കും കൊപ്രയ്ക്കും വിലകൂടിയതോടെ വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ഒരു മാസം കൊണ്ട് ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 50-60 രൂപ കൂടി. സാധാരണ വെളിച്ചെണ്ണയ്ക്കുവരെ ലിറ്ററിന് 210-220 രൂപയുണ്ട്. ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 220 രൂപയ്ക്കുമുകളിലാണ് വില. തേങ്ങവില താഴ്ന്നപ്പോൾ വെളിച്ചെണ്ണവില 140 രൂപവരെ എത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ വെളിച്ചെണ്ണക്ക് 50-60 രൂപയും പാമോയിലിന് 30 രൂപയുമാണ് കൂടിയത്. കഴിഞ്ഞമാസം 95 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ 125 രൂപ വരെയാണ് വില. കൂടുതൽ ആവശ്യക്കാരുള്ള രുചിഗോൾഡ് പാമോയിലിന് 30 രൂപ വരെ കൂടി. 110 രൂപയുണ്ടായിരുന്ന സൺഫ്ളവർ ഓയിലിന് 140 രൂപ വരെയായി. പാമോയിലിനും വെളിച്ചെണ്ണക്കും വില കൂടിയതോടെ വഴിയോരങ്ങളിൽ എണ്ണ പലഹാരങ്ങൾ വിൽക്കുന്ന കടകളും ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളും പ്രതിസന്ധിയിലാണ്.