palakkad

തീപാറുന്ന ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിന്റെ ചടുലനീക്കങ്ങൾ തകൃതി. ഷാഫി പറമ്പിൽ ലോക്ഡസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മറ്റിടങ്ങളിൽ നിന്ന് പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത് മണ്ഡലത്തിൽ യു.ഡി.എഫ് - ബി.ജെ.പി നേർക്കുനേർ മത്സരമാണെന്നതാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് പാലക്കാട് നിയമസഭാ മണ്ഡലമാണ്. ആഞ്ഞുപിടിച്ചാൽ കഴിഞ്ഞതവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് പാർട്ടി കരുതുന്നത്. ഇതിന്റെ ഭാഗമായി ചിട്ടയായ സംഘടനാ പ്രവർത്തനവും നടത്തിയിട്ടുണ്ട്. നഗരസഭയിലും പഞ്ചായത്തുകളിലും ബൂത്ത് തലപ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. 2021ൽ മെട്രോമാൻ ഇ. ശ്രീധരനെ ഇറക്കി മണ്ഡലത്തിൽ ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നെങ്കിലും നേരിയ വ്യത്യാസത്തിന് വിജയം അകന്നുനിന്നു. 3859 വോട്ടിനായിരുന്നു ഷാഫിയുടെ വിജയം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് യു.ഡി.എഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബി.ജെ.പിയേക്കാൾ 9707 വോട്ട് യു.ഡി.എഫിന് അധികം ലഭിച്ചു. നഗരസഭാ പരിധിയിലും മികച്ച മുന്നേറ്റം നടത്താൻ കോൺഗ്രസിനു ഴിഞ്ഞു. ഇതേ മുന്നേറ്റം തുടർന്നാൽ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാലക്കാട് പകരക്കാരനാര് എന്ന ചർച്ചകൾ സജീവമായിരിക്കെ,​ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പേരിലേക്ക് സാദ്ധ്യത ചുരുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

2011-ൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന വാശിയോടെയുമാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിൽ ഇടതു ശ്രമം. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്. ഷാഫി പറമ്പിൽ മാറിയതിലൂടെ പാലക്കാട് നഗരസഭയിലെയും പിരായിരി പഞ്ചായത്തിലെയും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനും ഇടതുപക്ഷം ശ്രമിച്ചേക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ് എന്നിവരുടെ പേരുകളാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയ പട്ടികയിൽ.

ഉപതിരഞ്ഞെടുപ്പ് സീറ്റിനായി ബി.ജെ.പിയിൽ ചേരി തിരിഞ്ഞ പോര് മൂർച്ഛിരിക്കെ വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരുടെ പേരുകൾക്കാണ് നിലവിൽ മുൻഗണന. അതേസമയ്, എന്നാൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചുവെന്നാണ് വിവരം.

ഷാഫി പറമ്പിൽ (കോൺ.): 54,079

ഇ.ശ്രീധരൻ (ബി.ജെ.പി)​: 50,220

സി.പി. പ്രമോദ് (സി.പി.എം)​: 36,433.

ഷാഫിയുടെ ഭൂരിപക്ഷം - 3859