ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും
പാലക്കാട്: കാത്തുകാത്തിരുന്ന പ്രഖ്യാപനമെത്തി. പാലക്കാട് നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അങ്കം കുറിച്ചു. ഇനി 27 നാളുകൾ കൂടി. അടുത്തമാസം 13ന് പാലക്കാട് വിധിയെഴുതും. കോട്ട കാക്കാൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും കഴിഞ്ഞതവണ ഫിനിഷിംഗ് പോയിന്റിൽ കാലിടറിയ ബി.ജെ.പിയും കളത്തിലിറങ്ങുമ്പോൾ പോരാട്ടം പൊടിപാറും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികളിൽ അണിയറ നീക്കങ്ങൾ സജീവമാക്കി.
ഒറ്റപ്പേരിലേക്ക് കോൺഗ്രസ്
ആദ്യഘട്ടത്തിൽ അരഡസനോളം പേരുകൾ പരിഗണനയിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടമെന്ന ഒറ്റപ്പേരിലേക്ക് എത്തി. ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതിൽ അതൃപ്തിയുണ്ടെന്നതും നേതൃത്വത്തിന് ആശങ്കയുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെ പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തന്റെ പകരക്കാരനെ കണ്ടെത്തുന്നതിൽ ഷാഫി പറമ്പിലിന്റെ അഭിപ്രായവും നിർണായകമായി.
കരുതലോടെ സി.പി.എം
40000ത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള മണ്ഡലത്തിൽ കരുതലോടെയുള്ള നീക്കമാണ് സി.പി.എമ്മിന്റേത്. 2011ൽ നഷ്ടപ്പെട്ട മണ്ഡലം ഉപതിരഞ്ഞെപ്പിലൂടെ തിരിച്ചുപിടിക്കാനാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. പഞ്ചായത്തുകളിൽ വലിയ അടിത്തറയുള്ള സി.പി.എം കളത്തിൽ ഇറങ്ങുന്നതോടെ ത്രികോണ മത്സരത്തിനാകും വേദിയൊരുങ്ങുക. സി.പി.എമ്മിൽ സ്ഥാനാർത്ഥി ചർച്ചകൾ ഏറെക്കുറേ പൂർത്തിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾടെ പേരിനാണ് മുൻതൂക്കം. ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് മൂന്ന് പേരുകളാണ് കൈമാറിയത്. ബിനുമോളിന് പുറമേ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സഫ്ദർ ഷെരീഫ്, ഡി.വൈ.എഫ്.ഐ നേതാവ് വി.വസീഫ് എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഇടതുപക്ഷത്തിന് അനുകൂലമാണ്. ഷാഫി പറമ്പിൽ മാറിയതിലൂടെ പാലക്കാട് നഗരസഭയിലെയും പിരായിരി പഞ്ചായത്തിലെയും ന്യൂനപക്ഷ വോട്ടുകളും തങ്ങൾക്ക് അനുകൂലമാക്കാനും ഇടതുപക്ഷം ശ്രമിക്കും.
രണ്ടും കല്പിച്ച് ബി.ജെപി
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിയ ബി.ജെ.പി വിജയത്തിൽ കുറഞ്ഞതൊന്നും പാലക്കാട് പ്രതീക്ഷിക്കുന്നില്ല. അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് എൻ.ഡി.എ ക്യാമ്പും. ആഞ്ഞ് ശ്രമിച്ചാൽ കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലം പിടിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഷാഫി പറമ്പിൽ മാറിയതും ഗുണകരമാകുമെന്ന് എൻ.ഡി.എ ക്യാമ്പും കണക്കുകൂട്ടുന്നു. പുതിയ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന് അവകാശപ്പെടുമ്പോഴും സ്ഥാനാർത്ഥി നിർണയത്തിലെ ചേരിതിരിവ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. ഇതിൽ സാദ്ധ്യത സി.കൃഷ്ണകുമാറിനാണെന്നാണ് ലഭിക്കുന്ന സൂചന. ജില്ല ഘടകത്തിനും താൽപര്യം സി.കൃഷ്ണകുമാറിനോടാണ്.
 സ്ഥാനാർത്ഥി - മുന്നണി- ലഭിച്ച വോട്ട് (2021)
ഷാഫി പറമ്പിൽ (കോൺ.): 54,079 ഇ.ശ്രീധരൻ (ബി.ജെ.പി): 50,220 സി.പി. പ്രമോദ് (സി.പി.എം): 36,433. ഷാഫിയുടെ ഭൂരിപക്ഷം - 3859