 
പാലക്കാട്: സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ട് ഡോ.പി.സരിൻ സി.പി.എമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. സരിൻ നിലപാട് വ്യക്തമാക്കിയ ശേഷം പാർട്ടി നിലപാട് വ്യക്തമാക്കാം. കോൺഗ്രസിലെ പൊട്ടിത്തെറി പി.സരിനിൽ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടഞ്ഞ കോൺഗ്രസ് നേതാവ് പി.സരിനെ സി.പി.എം ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാലക്കാട് സീറ്റിൽ സ്ഥാനാർത്ഥിയാക്കാമെന്ന് സി.പി.എം വാഗ്ദാനം നൽകിയതായും പാർട്ടി വിടാനുള്ള കടുത്ത തീരുമാനത്തിലേക്ക് സരിൻ എത്തിയാൽ, ഇടതു സ്വതന്ത്രനായോ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായോ മത്സരിപ്പിക്കാൻ തയ്യാറെന്ന് സി.പി.എം നേതാക്കൾ അറിയിച്ചതായാണ് റിപ്പോർട്ട്. ഇതുകൂടാതെ പി.സരിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രഖ്യാപനത്തിന് പിന്നാലെ പൊട്ടിത്തെറി
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിൽ നിലവിലെ തർക്കങ്ങളാരംഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പി.സരിൻ രംഗത്തെത്തിയിരുന്നു. വ്യക്തിതാൽപര്യത്തിന് വേണ്ടി പാലക്കാട് സീറ്റ് വിട്ടുകൊടുക്കരുത് എന്നാണ് പി.സരിൻ പ്രതികരിച്ചത്. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടി പുനരാലോചിക്കണം. പാലക്കാട് തോറ്റാൽ രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധിയായിരിക്കും തോൽക്കുക. പാലക്കാട്ട് സ്ഥാനാർത്ഥി ചർച്ച പ്രഹസനമായിരുന്നു. അത് നേതൃത്വം തിരുത്തണമെന്നും അല്ലെങ്കിൽ പാലക്കാട് ഹരിയാന ആവർത്തിക്കുമെന്നുമാണ് സരിൻ പറഞ്ഞത്.
പി.സരിൻ ഉറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും, അദ്ദേഹം പാർട്ടി വിടില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു. പാർട്ടിയുടെ ലൈംലൈറ്റിലുള്ള നേതാവാണ് അദ്ദേഹം. ഒരു സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ അദ്ദേഹം പാർട്ടി വിടുമെന്ന് കരുതുന്നില്ല. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അതൃപ്തിയുമില്ല. പാലക്കാട് വലിയ വിജയസാധ്യതയുള്ളത് കണ്ടുകൊണ്ട് പലരും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കും. അത് തെറ്റല്ല. എന്നാൽ പാർട്ടി ഒരു തീരുമാനമെടുത്താൽ എല്ലാ പാർട്ടി പ്രവർത്തകർക്കും ഒരുപോലെ ബാധകമാണ്.
സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് എല്ലാ പാർട്ടികൾക്കും ഒരു മാനദണ്ഡമുണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ്, പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല തിരഞ്ഞെടുപ്പ്. നിയമസഭയിലേക്ക് വോട്ടെടുപ്പിന് കേരളത്തിലെ ഒരു വോട്ടർ ആയിരിക്കണമെന്നതാണ് പ്രാഥമികമായ മാനദണ്ഡം. അതനുസരിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ജില്ലയ്ക്ക് പുറത്തുള്ളവരെ പാലക്കാട് ജില്ലയിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിജയിപ്പിച്ച ചരിത്രം കോൺഗ്രസിനും സി.പി.എമ്മിനുമുണ്ട്. സരിൻ കോൺഗ്രസിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയാണെന്നും വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു.