ശേഖരീപുരം ജംഗ്ഷൻ മുതൽ നൂറടി റോഡ് ജംഗ്ഷൻ വരെ പൂർണമായും ഇരുട്ടിൽ
നൂറടി റോഡ് ജംഗ്ഷൻ മുതൽ കൊപ്പം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കത്തുന്നത് വിരലിലെണ്ണാവുന്ന വിളക്കുകൾ മാത്രം
കോയമ്പത്തൂർ-കോഴിക്കോട് ദേശീയപാതയുടെ ലിങ്ക്‌പാത കൂടിയാണ് കൽമണ്ഡപം-ശേഖരീപുരം ബൈപ്പാസ്
ഒലവക്കോട്: കൽമണ്ഡപം-ശേഖരീപുരം ബൈപ്പാസ് ഇരുട്ടിലായിട്ട് മാസങ്ങളേറെ, നടപടിയെടുക്കാതെ അധികൃതർ. രണ്ട് കിലോമീറ്ററോളം ദൂരം വരുന്ന കൽമണ്ഡപം -ശേഖരീപുരം ബൈപ്പാസ് സന്ധ്യമയങ്ങുന്നതോടെ ഇരുളടയും. വാഹന -കാൽനട യാത്രക്കാർ ഭീതിയിലാണ്. ബൈപ്പാസിന് നടുവിലെ ഡിവൈഡറുകളിൽ സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ മിക്കതും കണ്ണടച്ചിട്ട് നന്നാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശേഖരീപുരം ജംഗ്ഷൻ മുതൽ നൂറടി റോഡ് ജംഗ്ഷൻ വരെ പൂർണമായും ഇരുട്ടിലാണ്. നൂറടി റോഡ് ജംഗ്ഷൻ മുതൽ കൊപ്പം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വിരലിലെണ്ണാവുന്ന വിളക്കുകൾ മാത്രമാണ് കത്തുന്നത്. സന്ധ്യ മയങ്ങിയാൽ ഇരുട്ടിലായ ബൈപ്പാസിൽ ഇരുചക്ര വാഹനങ്ങളെയോ കാൽനടയാത്രക്കാരെയോ വലിയ വാഹനങ്ങൾ ഇടിച്ചിട്ടാൽപ്പോലും ആരും അറിയാത്ത സ്ഥിതിയാണ്. വലിയ വാഹനങ്ങളിൽ നിന്നും റോഡിനിരുവശത്തുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കുമുള്ള ആശ്രയം.
ചരക്ക് വാഹനങ്ങളും സ്വകാര്യവാഹനങ്ങളുമായി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണിത്. കോയമ്പത്തൂർ ഭാഗത്തുനിന്നും കൽമണ്ഡപം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള ചരക്ക് വാഹനങ്ങൾ, ടാങ്കർ ലോറികൾ എന്നിവ കടന്നു പോകുന്നത് ശേഖരിപുരം ബൈപ്പാസിലൂടെയാണ്. ഇതിനുപുറമേ കൽമണ്ഡപം ചന്ദ്രനഗർ ഭാഗത്തുനിന്നും വിക്ടോറിയ കോളേജ് ചുണ്ണാമ്പുത്തറ ഒലവക്കോട് കൽപ്പാത്തി ഭാഗങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങൾ കൂടി ആശ്രയിക്കുന്ന പ്രധാന ബൈപ്പാസ് റോഡാണിത്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും പ്രവർത്തനരഹിതമായ തെരുവു വിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്ന ജനകീയാവശ്യം ശക്തമാണ്.