
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർത്ഥിയല്ല പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്ന് ഷാഫി പറമ്പിൽ എം.പി. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ നോമിനിയല്ല.സരിൻ ഉയർത്തിയ എതിർ വാദങ്ങളോട് പ്രതികരിക്കാനും ഷാഫി തയ്യാറായില്ല.
രാഹുലിന്റെ സ്ഥാനാർഥിത്വം പാലക്കാട്ടെ പാർട്ടിക്കാരും ജനതയും ആഗ്രഹിച്ചതാണ്. പാർട്ടി ഒറ്റക്കെട്ടായി അതിന്റെ പുറകേയുണ്ടാകും. സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ഒപ്പമുണ്ടായിരിക്കണമെന്നാണ് ആഗ്രഹം. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്.താൻ ഒരുകാലത്തും പാർട്ടിയേക്കാൾ വലിയവനല്ല. വലുതാവാൻ ശ്രമിച്ചിട്ടുമില്ല. പാർട്ടിക്ക് ദോഷം വരുന്നത് ഒന്നും ചെയ്തിട്ടുമില്ല.. രണ്ട് ഭരണസംവിധാനങ്ങളും ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകൾ സ്വീകരിക്കുമ്പോൾ അതിനോടുള്ള വിയോജിപ്പ് ജനങ്ങൾക്കിടയിൽ ശക്തമാണ്.
എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. 2011ൽ ഒരു സ്ഥാനാർത്ഥിയായി ഞാൻ വരുമ്പോൾ നിങ്ങളിപ്പോൾ കണ്ടതൊന്നുമല്ല കോലാഹലം. അന്ന് ഞാൻ അനുഭവിച്ച സമ്മർദം ചെറുതൊന്നുമല്ല. എന്നിട്ടും ചേർത്തുപിടിച്ച ജനതയാണിത്-ഷാഫി വ്യക്തമാക്കി.