 
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപം ടി.എം.കെ അരീന ഇന്റർനാഷണൽ ഫുട്ബാൾ ഗ്രൗണ്ടിലെ ആദ്യ ദേശീയ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പും സ്റ്റേഡിയവും വൻ ഹിറ്റ്. പൂർണമായും ഫിഫ അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച സ്റ്റേഡിയത്തെക്കുറിച്ച് കളിക്കാർക്കും പരിശീലകർക്കും ഒഫീഷ്യൽസിനും കാണികൾക്കുമെല്ലാം മികച്ച അഭിപ്രായം മാത്രം. രാജ് മാതാ ജീജാഭായ് ട്രോഫിക്കായുള്ള സീനിയർ വനിതാ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്. ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ സഹകരണത്തോടെ കേരള ഫുട്‌ബോൾ അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. ഈ മാസം 12 മുതൽ കേരള യൂത്ത് ഡെവലപ്‌മെന്റ് പ്രോജക്ട് ചാക്കോളാസ് ട്രോഫിക്കായുള്ള മത്സരങ്ങളും 14 മുതൽ കേരള പ്രീമിയർ ലീഗ് മത്സരങ്ങളും ടി.എം.കെ അരീന ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കും. വടക്കഞ്ചേരിയിലെ സാമൂഹ്യസേവന രംഗത്തെ നിറസാന്നിധ്യമായ കാടൻകാവിൽ തോമസ് മാത്യുവാണ് കളിക്കളത്തിന്റെ ഉടമ.
 ഇനി വേണ്ടത് ഫിഫയുടെ അംഗീകാരം
115 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ആർട്ടിഫിഷ്യൽ ഗ്രാസ് ഗ്രൗണ്ട് ആണിത്. ഇതിനുപുറത്ത് 1.22 മീറ്റർ വീതിയിൽ 400 മീറ്റർ നീളത്തിൽ എട്ട് ട്രാക്ക്. മഴ പെയ്താൽ വെള്ളം മിനിറ്റുകൾക്കകം പൂർണമായും ഒഴുകിപ്പോയി ഗ്രൗണ്ട് പൂർവസ്ഥിതിയിലാക്കുന്ന അത്യാധുനിക ഡ്രെയ്‌നേജ് സിസ്റ്റം. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള ആർട്ടിഫിഷ്യൽ ഗ്രാസാണ് ഗ്രൗണ്ടിൽ വിരിച്ചിട്ടുള്ളത്. ഒരുവശത്തു 300 സീറ്റിന്റെ ഗാലറിയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നു തോമസ് മാത്യു കാടൻകാവിൽ പറഞ്ഞു. കളിക്കാർക്കാർക്കായി അന്തർദേശീയ നിലവാരത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള 10 വലിയ മുറികളുമുണ്ട്. ടി.എം.കെ അരീനയ്ക്ക് ഫിഫയുടെ അംഗീകാരം കാത്തിരിക്കുകയാണ് അധികൃതർ. നിലവിൽ ഫിഫ മാനദണ്ഡങ്ങളോടെയുള്ള 31 ഗ്രൗണ്ടുകളാണ് ഇന്ത്യയിലുള്ളത്.