k

പാലക്കാട്: പി. സരിൻ ഇടത് സ്വതന്ത്രനായി പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ന് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റ് യോഗവും നടക്കും. യോഗത്തിൽ പി. സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ചർച്ചയാകും. തുടർന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇന്നലെ വാർത്താസമ്മേളനത്തിൽ താൻ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് പി. സരിൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയശേഷമാണ് സരിൻ പാർട്ടി മാറ്റം പ്രഖ്യാപിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിയെ എതിർക്കുന്നത് ഇടതുപക്ഷമാണ്. താൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്. അതിന് സ്ഥാനാർത്ഥിത്വത്തിന്റെ നിറം നൽകേണ്ടതില്ല. തന്നെ സ്ഥാനാർത്ഥിയാക്കേണ്ട കാര്യത്തിൽ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്. അവിടെ മൂവർ സംഘമല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സരിൻ പറഞ്ഞു. പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു തന്നെ ഫോണിൽ ബന്ധപ്പെട്ട് പാലക്കാട് മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചതായും സരിൻ വെളിപ്പെടുത്തി.

സരിനെ ഫോണിൽ ബന്ധപ്പെട്ട കാര്യം സുരേഷ് ബാബു സ്ഥിരീകരിച്ചു. സ്ഥാനാർത്ഥിയാകാൻ സരിന് അയോഗ്യതയില്ല. സരിൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്തശേഷം തീരുമാനിക്കും. രണ്ട് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥി വിഷയത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലനും പ്രതികരിച്ചു.

സരിനെ കോൺഗ്രസിൽ

നിന്ന് പുറത്താക്കി

കോൺഗ്രസിനെയും പ്രതിപക്ഷ നേതാവിനെതിരെയും ഉയർത്തിയ വിമർശനങ്ങൾക്ക് പിന്നാലെ പി. സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നതായാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. കെ.പി.സി.പി അദ്ധ്യക്ഷൻ കെ. സുധാകരന്റേതാണ് നടപടി.