
പാലക്കാട്: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പി.വി. അൻവർ. ചേലക്കരയിൽ എ.ഐ.സി.സി അംഗവും ദളിത് കോൺഗ്രസ് മുൻ നേതാവുമായ എൻ.കെ.സുധീർ, പാലക്കാട്ട് ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് എന്നിവരാണ്
അൻവർ നേതൃത്വം നൽകുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡി.എം.കെ) സ്ഥാനാർത്ഥികൾ.
സുധീർ 2009ൽ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. കെ.പി.സി.സി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഉൾപ്പെടെ വഹിച്ചിട്ടുണ്ട്. ഇത്തവണ കോൺഗ്രസ് തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ. രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് അൻവർ പക്ഷത്തെത്തിയത്. പാലക്കാട്ട് ജനിച്ചു വളർന്ന മിൻഹാജ് മികച്ച സ്ഥാനാർത്ഥിയാണെന്നും ഡി.എം.കെയുടെ പാലക്കാട്ടെ കരുത്ത് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും അൻവർ പറഞ്ഞു.
ചേലക്കരയിലും പാലക്കാട്ടും കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ജനങ്ങൾക്ക് എതിർപ്പുണ്ട്. രണ്ടിടത്തും സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം അതൃപ്തിയിലാണ്. ഇതേ സ്ഥിതിയാണ് സി.പി.എമ്മും നേരിടുന്നതെന്നും അൻവർ പറഞ്ഞു.
''ചേലക്കരയിൽ സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് വാക്ക് തന്നിരുന്നു. പാർട്ടി എന്ന നിലയ്ക്കല്ല, ചില വ്യക്തികളുമായി ബന്ധപ്പെട്ടും ചിലരെ കേന്ദ്രീകരിച്ചുമാണ് കോൺഗ്രസിൽ കാര്യങ്ങൾ നീങ്ങുന്നത്
-എൻ.കെ.സുധീർ