
വന്യമൃഗ ശല്യം,കാലാവസ്ഥ വ്യതിയാനം,ഉത്പാദന ചെലവിലെ വർദ്ധനവ്.... പ്രതിസന്ധികൾ ഓരോന്നിനെയും മറികടന്ന് മണ്ണിൽ പൊന്നുവിളയിക്കുന്ന സംസ്ഥാനത്തെ കർഷകരുടെ കണ്ണുനീരിന് അറുതിയില്ല. നെല്ല് സംഭരണം അകാരണമായി വൈകുന്നതും അപ്രതീക്ഷിതമായെത്തിയ മഴയുമാണ് കർഷകരുടെ പ്രതീക്ഷകളുടെ നിറം കെടുത്തിയത്.
സെപ്തംബർ പകുതിയോടെ ജില്ലയിലെ ആലത്തൂർ,പാലക്കാട്,ചിറ്റൂർ താലൂക്കുകളിൽ കൊയ്ത്ത് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കൊയ്ത്തിലും നെല്ലെടുപ്പിലും കർഷകരെ ആശങ്കയിലാക്കി കനത്ത മഴ പെയ്തത്. ചിലയിടങ്ങളിൽ കൊയ്യാറായ പാടങ്ങളിൽ നെൽച്ചെടികൾ മഴയിൽ വീണു തുടങ്ങി. മഴ തുടർന്നാൽ വീണു കിടക്കുന്ന നെല്ലു മുളച്ചുപൊന്തുമെന്നും ആശങ്കയുണ്ട്. നെല്ലെടുപ്പും വേഗത്തിലായിട്ടില്ല. ഇതുവരെ 100 ടൺ നെല്ലാണു ജില്ലയിൽ നിന്നു സംഭരിച്ചിട്ടുള്ളത്. രാവിലെയും വൈകിട്ടും മഴ പെയ്യുന്നുണ്ട്. കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ നെല്ലെടുപ്പു വേഗത്തിലാക്കണമെന്നു പാടശേഖര സമിതികളും കർഷകരും നിരന്തരം ആവശ്യപ്പെടുന്നു.
നടപടികൾക്ക്
വേഗക്കുറവ്
ജില്ലയിൽ ഒന്നാംവിളയ്ക്ക് ഇതുവരെ 48,000 കർഷകരാണ് നെല്ലു സംഭരണത്തിനായി സപ്ലൈക്കോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 7000 കർഷകരുടെ അപേക്ഷകൾ കൃഷി അസിസ്റ്റന്റുമാർ പരിശോധിച്ച് കൃഷി ഓഫീസർമാരുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 4500 അപേക്ഷകൾ കൃഷി ഓഫീസർമാർ അനുമതി നൽകി സപ്ലൈകോയ്ക്ക് ഓൺലൈനായി നൽകിയിട്ടുണ്ട്. കൃഷി ഓഫീസർമാർ അനുമതി നൽകുന്ന അപേക്ഷകളിലാണ് സപ്ലൈകോ നെല്ലെടുപ്പു നടപടികൾ തുടങ്ങുക. ഇരുവകുപ്പുകളും സംയുക്തമായി നടപടികൾ വേഗത്തിലാക്കണമെന്നാണ് ആവശ്യം.
സംഭരണത്തിന്
32 മില്ലുകൾ
ജില്ലയിൽ നിന്നു നെല്ലെടുക്കാൻ 32 മില്ലുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൃഷി ഓഫിസിൽ നിന്നു നടപടികൾ പൂർത്തിയാക്കി നെല്ലെടുപ്പ് അപേക്ഷകൾ സപ്ലൈകോയ്ക്കു ലഭിക്കുന്നതോടെ മില്ലുകൾക്ക് നെല്ലെടുക്കാൻ പാടശേഖരം അനുവദിക്കും. ഈ മാസം തന്നെ പരമാവധി അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കി നെല്ലെടുക്കുമെന്നാണ് അറിയിപ്പ്. നെല്ലെടുപ്പിന് പാഡി മാർക്കറ്റിംഗ് ഓഫിസർമാരെ സഹായിക്കാനായി നിയോഗിച്ച 20 കൃഷി അസിസ്റ്റന്റുമാരിൽ 4 പേർ ചുമതലയേറ്റു. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ ചുമതലയേൽക്കും. ഇതോടെ നടപടികൾക്ക് വേഗം കൈവരുമെന്നാണ് പ്രതീക്ഷ.
മഴ പ്രതീക്ഷകൾ
തകർത്തു
തകർത്തുപെയ്യുന്ന മഴ നെൽകർഷകർക്ക് കനത്ത തിരിച്ചടിയാവുന്നു. കൊയ്ത്ത് കാലത്ത് മഴയെത്തിയത് കർഷകരുടെ പ്രതീക്ഷകളെല്ലാം തകർത്തു. ജില്ലയിലെ കൊയ്യാനുള്ളതും കതിർവരുന്ന പാടങ്ങളും അപ്രതീക്ഷിത മഴയിൽ നശിക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും ആലത്തൂർ താലൂക്കിലെ ചില മലയോര മേഖലകളിലും ഈയാഴ്ച കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. മഴ പെയ്യുന്നതിനാൽ വയലുകളിൽ വെള്ളം കെട്ടി നിൽക്കുകയാണ്. മഴ ഈ വിധം തുടരുകയാണെങ്കിൽ വലിയ പ്രതിസന്ധിയിലാകും കർഷകർ. വെള്ളം കയറിയതിനാൽ നെല്ലിന്റെ ഗുണമേന്മ കുറയാനുള്ള സാഹചര്യമുള്ളതിനാൽ വില കുറയുമെന്നുള്ള ഭയവും വൈക്കോൽ നശിച്ചുപോകുമെന്ന ആശങ്കയിലുമാണ് കർഷകർ.
ഇതൊടൊപ്പം കൊയ്‌തെടുത്ത നെല്ല് സപ്ലൈകോ സംഭരിക്കാത്തതിനാൽ വീടുകളിൽ നെല്ല് സൂക്ഷിക്കാനും കഷകർ പെടാപാടുപെടുകയാണ്. പലരും മില്ലുകൾ വാടകയക്കെടുത്താണ് നെല്ല് സുക്ഷിക്കുന്നത്. മഴയിൽ കൊയ്‌തെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനും ഏറെ പ്രയാസപ്പെടുകയാണ്.
287 കോടി
തടഞ്ഞ് കേന്ദ്രം
നെല്ല് സംഭരിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ തുറക്കണമെന്ന നിർദേശം പാലിക്കാത്തതിനാൽ കേരളത്തിനുള്ള 287 കോടി തടഞ്ഞ് കേന്ദ്രം. പാടശേഖരങ്ങളിലും വീടുകളിലുമെത്തി നെല്ല് സംഭരിക്കുന്നത് അവസാനിപ്പിക്കണമെന്നും കർഷകർ നിശ്ചിത നിലവാരമുള്ള നെല്ല് സംഭരണകേന്ദ്രത്തിൽ എത്തിക്കണമെന്നുമായിരുന്നു കേന്ദ്രനിർദ്ദേശം. സംഭരണ കേന്ദ്രങ്ങൾക്കൊപ്പം ഗോഡൗണുകൾ ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തെ സാഹചര്യത്തിൽ ഇത് അപ്രായോഗികമായതിനാൽ പാടശേഖരങ്ങളിലെത്തി നെല്ല് സംഭരിക്കുന്നത് തുടരുകയായിരുന്നു. ചില ജില്ലകളിൽ കർഷകരുടെ വീടുകളിലെത്തിയും മില്ലുകാർ നെല്ലെടുക്കുന്നുണ്ട്. ഇതോടെയാണ് ഗതാഗതച്ചെലവ് ഇനത്തിൽ നൽകേണ്ട 287 കോടി കേന്ദ്രവിഹിതത്തിൽ നിന്ന് തടഞ്ഞത്. നെല്ല് സംഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഗതാഗതച്ചെലവ് കേരളത്തിന് മാത്രം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമ്മർദ്ദം ചെലുത്തിയതോടെ കടത്തുകൂലിയുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവിറക്കാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉത്തരവിറക്കിയിട്ടും തുക നൽകിയിട്ടില്ലെന്നതാണ് വസ്തുത. തുടർന്ന് കേന്ദ്രവുമായി സപ്ലൈകോ ബന്ധപ്പെട്ടപ്പോഴാണ് തുക കൈമാറാത്തത് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാലാണെന്ന് വ്യക്തമാക്കിയത്. 2017-18 സീസൺ മുതലുള്ള തുകയാണിത്. നിലവിൽ നെല്ല് സംഭരിച്ച വകയിൽ 674 കോടിയാണ് കേന്ദ്രം നൽകാനുള്ളത്. ഇതിനുപുറമെയാണ് ഗതാഗതചെലവിനത്തിലുള്ള കുടിശിക.
അതിനിടെ,വീണ്ടും ഗോഡൗണുകളുടെ വിവരം കേന്ദ്ര ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതിന് കഴിയില്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. കൃഷി വകുപ്പോ സഹകരണ വകുപ്പോ ഗോഡൗണുകൾ ഒരുക്കിയാൽ മാത്രമേ കേന്ദ്രനിബന്ധന പാലിക്കാൻ കഴിയൂ. കേന്ദ്രവിഹിതം അനുവദിക്കുന്നതിനായി നിരവധി നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നതെന്നും സപ്ലൈകോ പാഡി വിഭാഗം പറയുന്നു. പുതുതായി ആരംഭിച്ച പോർട്ടലിൽ നെല്ല് സംഭരിക്കുന്ന പാടങ്ങളുടെ ചിത്രവും അളവുമടക്കം മുഴുവൻ വിവരങ്ങളും നൽകണം. ഒപ്പം 17 ശതമാനത്തിൽ കുടുതൽ ജലാംശമുള്ള നെല്ല് സംഭരിക്കേണ്ടതില്ലെന്ന നിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.
അതേസമയം,സംസ്ഥാനത്ത് പുതിയ സീസണിലെ നെല്ല് സംഭരണം ആരംഭിച്ചിട്ടും വിലയിൽ തീരുമാനമായിട്ടില്ല. നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം വരുത്തിയ വർദ്ധന സംസ്ഥാനത്തും നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പുതിയ സീസണിൽ കിലോക്ക് 1.17 രൂപയാണ് കേന്ദ്രം വർദ്ധിപ്പിച്ചത്. ഇത് സംസ്ഥാനത്തും പ്രാബല്യത്തിലാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രം തുക വർദ്ധിപ്പിച്ചതോടെ 21.83 രൂപയായിരുന്ന താങ്ങുവില 23 ആയി. ആനുപാതികമായി സംസ്ഥാനത്ത് വില കൂട്ടാറില്ല. കേരളത്തിലേ സംസ്ഥാനവിഹിതം നൽകുന്നുള്ളൂവെന്നാണ് സർക്കാർ നിലപാട്. 2019ൽ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവർഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019ൽ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി. കയറ്റിറക്കുകൂലിയായി കേന്ദ്രം നൽകുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേർത്ത് ഒരു കിലോ നെല്ലിന് കർഷകനു കിട്ടുന്നത് 28.32 രൂപയും.