
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ഇടതു പാളയത്തിൽ ചേക്കേറിയ ഡോ. പി.സരിന് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ ഉജ്ജ്വല സ്വീകരണമൊരുക്കി നേതാക്കളും പ്രവർത്തകരും. 'സഖാവ് സരിന് സ്വാഗതം' എന്ന് മുദ്രാവാക്ര്യം വിളിച്ചാണ് പ്രവർത്തകർ വരവേറ്റത്.
സാധാരണക്കാരനെപ്പോലെ ഓട്ടോയിൽ വന്നിറങ്ങിയ സരിനെ സ്വീകരിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു കാത്തുനിന്നു. ചുവന്ന ഷാളണിയിച്ചാണ് സരിനെ വരവേറ്റത്. തുടർന്ന് പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കൊപ്പം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്.
കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, സി.കെ.രാജേന്ദ്രൻ, മുൻ എം.എൽ.എ നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉൾപ്പെടെയുള്ളവർ ഹസ്തദാനം നൽകി. ഇന്നലെ രാവിലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഉപതിരഞ്ഞെടുപ്പിൽ സരിന്റെ പേര് ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. സരിൻ മത്സരിച്ചാൽ കോൺഗ്രസ് വോട്ടുകൾ വരെ ചോർത്താൻ കഴിയുമെന്ന വിലയിരുത്തലും സെക്രട്ടേറിയറ്റിലുണ്ടായി. ശേഷം തീരുമാനം ജില്ലാ കമ്മറ്റിയിൽ അവതരിപ്പിച്ച ശേഷം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
സി.പി.എം ആവശ്യപ്പെട്ടാൽ
പാർട്ടി അംഗത്വം സ്വീകരിക്കും
മൂന്നാം വട്ടവും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കേരളത്തിൽ അധികാരം സാദ്ധ്യമെന്ന് ഡോ.പി. സരിൻ പറഞ്ഞു. അതിന്റെ തുടക്കമാവും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയം. ഇതുവരെ കോൺഗ്രസിലെ ഇടതുപക്ഷക്കാരനായിരുന്നു, ഇനി സി.പി.എമ്മിലെ കോൺഗ്രസുകാരനാവും. സി.പി.എം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. കഴിഞ്ഞ രണ്ടുദിവസമായി ബി.ജെ.പി ചിത്രത്തിലില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാം. ആ ബോധത്തിലാണ് പെട്ടികളുമായി പാലക്കാട്ടേക്ക് വന്നത്.