
പാലക്കാട്:എം.ബി.ബി.എസ് പാസായ ശേഷം സിവിൽ സർവീസിൽ കയറി. പിന്നെ അത് രണ്ടും ഉപേക്ഷിച്ച് ജനസേവനത്തിന് രാഷ്‌ട്രീയം കർമ്മ മണ്ഡലമാക്കി. കോൺഗ്രസിന്റെ യുവ നേതാവായി. കോൺഗ്രസിൽ കലാപമുണ്ടാക്കി പുറത്തു ചാടിയ ഡോ.പി. സരിൻ (37 ) ഇപ്പോൾ കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ഒരു തീപ്പൊരിയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായി.
32-ാം വയസിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ നിന്ന് രാജിവച്ചാണ് യൂത്ത്കോൺഗ്രസിലൂടെ കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ ഭാഗമായത്.
തിരുവില്വാമല പകവത്ത് കുടുംബാംഗമാണ്. 2007ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായി. 2008ൽ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യവസരത്തിൽ തന്നെ 555ാം റാങ്ക് നേടിയ ഐ.എ.എ.എസ് ഉദ്യോഗസ്ഥനായി. ആദ്യ നിയമനം തിരുവനന്തപുരത്ത്. പിന്നീട് നാല് വർഷം കർണാടകത്തിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി. ജീവിതം കണക്കു പുസത്കങ്ങളിൽ ഒതുങ്ങില്ലെന്ന ബോധ്യമാണ് പൊതുപ്രവർത്തനത്തിലേക്ക് തിരിച്ചത്. രാജ്യത്ത് കോൺഗ്രസിന്റെ പ്രസക്തിയാണ് ആ പാർട്ടിയിൽ എത്തിച്ചത്. ജോലി രാജിവച്ചപ്പോൾ കുടുംബത്തിൽ എതിർപ്പുണ്ടായെങ്കിലും ഭാര്യ ഡോ. സൗമ്യ ഒപ്പം നിന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ യൂണിയൻ ചെയർമാനായിരുന്നു. അതാണ് ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പ്. ശേഷം യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ വിജയിച്ചു. സംസ്ഥാന സെക്രട്ടറിയായി. 2023 ൽ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച അനിൽ ആന്റണിക്കു പകരമാണ് കെ.പി.സി.സി ഡിജിറ്റൽ മീഡിയ ചുമതലയിൽ സരിൻ
എത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും പ്രവർത്തിച്ചു.
അതിനിടെ, എൽ.എൽ.ബി എൻട്രൻസിൽ പത്താം റാങ്ക് നേടി എറണാകുളം സർക്കാർ ലോ കോളജിൽ 3 വർഷ കോഴ്സിനും ചേർന്നു. ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡിഷ്യറിയെ അടുത്തറിയാനാണ് നിയമപഠനം എന്നാണ് സരിൻ പറയുന്നത്.
'' രാഷ്ട്രത്തെ പറ്റി ആകുലതയുള്ള ഏത് പൗരനും രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയം എന്നെയാണ് തിരഞ്ഞെടുത്തത്. ഇന്നത്തെ രാഷ്‌ട്രീയത്തിന്റെ പോക്ക് രാഷ്ട്രനിർമ്മാണത്തിൽ നിന്ന് യുവജനതയെ അകറ്റുന്നുണ്ട്. അത് മാറ്റി, ജാതി മത, ഭേദങ്ങൾക്ക് അതീതമായി ഭാരത പുനർനിർമ്മിതിയിൽ യുവജനതയെ പങ്കാളികളാക്കുകയാണ് ലക്ഷ്യം''
--ഡോ. പി സരിൻ