
വടക്കഞ്ചേരി: കൊയ്ത്തിനു പാകമായ നെൽപ്പാടങ്ങൾ കാട്ടുപന്നികൾ നശിപ്പിച്ചു. അയിലൂർ പഞ്ചായത്തിലെ പെരുമാങ്കോട് പാടശേഖരത്തിലാണ് വ്യാപകമായി കാട്ടുപന്നിക്കൂട്ടം നെൽകൃഷി നശിപ്പിച്ചത്. എം.ശിവദാസന്റെ നെൽപ്പാടത്തെ വരമ്പുകളും കൊയ്ത്തിന് ദിവസങ്ങൾ മാത്രം ശേഷിച്ച നെല്ലുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി തുടർച്ചയായി സമീപത്തെ കർഷകരുടെ കൃഷിയിടങ്ങളിലും കാട്ടുപന്നിക്കൂട്ടം വിള നാശം തുടരുന്നുണ്ട്. കാട്ടുപന്നിക്കൂട്ടത്തെ രാത്രി പല സമയത്തായി കാവൽ ഇരുന്നും പടക്കം പൊട്ടിച്ചും തുരത്താൻ നോക്കിയെങ്കിലും ചെറിയതോതിൽ രാത്രി സമയങ്ങളിൽ പെയ്യുന്ന മഴ തടസം നിൽക്കുന്നു. നെൽപ്പാടങ്ങളിലെ നെൽച്ചെടികൾ തിന്നും ചവിട്ടി കുഴച്ചും കിടന്നുരുണ്ടും വരമ്പുകൾ കുത്തിമറിച്ചുമാണ് നാശം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റ രാത്രികൊണ്ട് രണ്ടു കണ്ടങ്ങളിലെ നെൽച്ചെടികൾ പാതിയോളം നശിപ്പിച്ചു. വനം വകുപ്പിന്റെ കാട്ടുപന്നി വെടിവയ്ക്കാനുള്ള ഷൂട്ടർമാരിൽ ഉൾപ്പെട്ടയാൾ കൂടിയാണ് എം.ശിവദാസൻ. കാട്ടുപന്നി കൃഷിനാശം വരുത്തുന്നത് തടയുന്നതിനായി തോക്കുമായി പുലരുവോളം സ്വന്തം കൃഷിയിടത്തിൽ കാവൽ നിന്നെങ്കിലും പന്നിയെ കാണാതെ നെൽപ്പാടത്തുനിന്ന് പിൻവാങ്ങിയ ഉടനെയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നെൽപ്പാടം നശിപ്പിച്ചത്. രാവിലെ വീണ്ടും പാടത്ത് പോയി നോക്കുമ്പോഴാണ് കാട്ടുപന്നി നെൽകൃഷി വ്യാപകമായി നശിപ്പിച്ചത് കാണുന്നത്.