k

പാലക്കാട്: ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യാ മുന്നണിക്കെതിരായ വിധിയെഴുത്താവും.

നിയമസഭയിൽ ബി.ജെ.പിക്ക് പ്രതിനിധികളുണ്ടാകും. കേരളത്തിൽ മൂന്നാം ബദൽ ഉയർന്നുവരുക തന്നെ ചെയ്യും.

പാലക്കാട്ടെയും ചേലക്കരയിലെയും ജനങ്ങൾ ബി.ജെ.പിയെ വിജയിപ്പിക്കും. വയനാട്ടിൽ എൻ.ഡി.എ ചരിത്ര മുന്നേറ്റമുണ്ടാക്കും. കോൺഗ്രസിനെ മാഫിയ സംഘം കൈയടക്കി വെച്ചിരിക്കുകയാണ്. കെ.സുധാകരന്റെയും കെ.മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും ചെന്നിത്തലയുടെയും ഇന്നത്തെ അവസ്ഥയെന്താണ്.

എം.ബി രാജേഷ് പറയുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഡീലാണെന്നാണ്. 2019ലെ സ്വന്തം തോൽവിയുടെ റിപ്പോർട്ട് രാജേഷ് മറക്കരുത്. സി.പി.എം വിലയിരുത്തിയത് പാർട്ടി വോട്ടുകൾ പി.കെ.ശശിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് മറിച്ചതിനാലാണ് രാജേഷ് തോറ്റതെന്നാണ്. 2021 ലെ തിരഞ്ഞെടുപ്പിലും സി.പി.എം പാലക്കാട് തകർന്നടിഞ്ഞു. ഷാഫി പറമ്പിൽ ജയിച്ചപ്പോൾ എ.കെ.ബാലൻ പറഞ്ഞത് ഞങ്ങൾ ശരിയായ നിലപാടെടുത്തുവെന്നാണ്. യഥാർത്ഥ ഡീൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്.

എ.ഡിഎമ്മിന്റെ മരണത്തിന് കാരണമായ കണ്ണൂരിലെ പെട്രോൾ പമ്പ് എൽ.ഡി.എഫ് - യു.ഡി.എഫ് സഖ്യത്തിന്റേതാണ്. പമ്പിന് സ്ഥലം വിട്ടുകൊടുത്തത് യു.ഡി.എഫ് നേതാവാണ്. ദിവ്യ ബിനാമിയാണ്. ജില്ലാ കളക്ടർ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ആളാണ്. മരണത്തിൽ നിർണായക പങ്കുള്ള കളക്ടർക്കെതിരെ നടപടിയെടുക്കാത്തതെന്താണ്. പി.പി.ദിവ്യയുടെ കേസിലും നടപടി ഉണ്ടാവില്ല.

വയനാട് അടിയന്തര പ്രമേയം നിയമസഭയിൽ വന്നപ്പോൾ വി.ഡി.സതീശൻ കേന്ദ്രസർക്കാരിനെതിരെ കള്ളം പറഞ്ഞു. കേന്ദ്രം നൽകിയ 728 കോടി രൂപ ഖജനാവിൽ ഉണ്ടെന്നിരിക്കെയാണിത്.

ശബരിമലയിൽ കുടിവെള്ളമില്ല. കിടക്കാനും സൗകര്യമില്ല. അയ്യപ്പഭക്തരെ കഷ്ടപ്പെടുത്താൻ തന്നെയാണ് സർക്കാരിന്റെ നീക്കമെന്ന് സുരേന്ദ്രൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.വേണുഗോപാൽ, എ.കെ ഓമനക്കുട്ടൻ എന്നിവരും സംബന്ധിച്ചു.