
പാലക്കാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സന്ദർശനം നടത്തിയ കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രവും ശിവ ക്ഷേത്രവും സന്ദർശിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെ രാവിലെ 9.30ഓടെ ക്ഷേത്രത്തിലെത്തി ഭാരവാഹികളെ സന്ദർശിച്ച ശേഷം അവിടെയെത്തിയ ഭക്തജനങ്ങളുമായി രാഹുൽ ഏറെ നേരം ചെലവഴിച്ചു. തുടർന്ന് ക്ഷേത്ര സന്ദർശനവും നടത്തിയാണ് സ്ഥാനാർത്ഥി മടങ്ങിയത്. കോൺഗ്രസിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി.സതീഷും അകത്തേത്തറ മണ്ഡലം പ്രസിഡന്റ് കൃഷ്ണനും കോൺഗ്രസ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.
ഇന്ദിരയും ഹേമാംബികാ ക്ഷേത്രവും
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.എസ്. കൈലാസത്തിന്റെ ഭാര്യ സൗന്ദരാ കൈലാസമാണ്
പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെപ്പറ്റി ഇന്ദിരാഗാന്ധിയോടു പറഞ്ഞത്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഭാര്യാമാതാവ് കൂടിയാണ് സൗന്ദര. അവർക്കു നെഹ്റു കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. കോൺഗ്രസിന് കൈപ്പത്തി ചിഹ്നം നിർദ്ദേശിച്ചത് സൗന്ദരാ കൈലാസമാണ്. കോൺഗ്രസ് രണ്ടായി പിളർന്നതോടെയാണ് ഇന്ദിര കോൺഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആനയും,സൈക്കിളും മറ്റും പുതിയ ചിഹ്നത്തിന്റെ പരിഗണനയിൽ വന്നെങ്കിലും,ഇന്ദിരയുടെ തീരുമാനമായിരുന്നു കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും,കർണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിര കോൺഗ്രസ് ആദ്യമായി കൈ ചിഹ്നത്തിൽ മത്സരിക്കുന്നത്. 1979ലും 1980ലും ഇന്ദിര പാലക്കാടെത്തിയെങ്കിലും 1982 ഡിസംബർ 13നാണ് അവർ ആദ്യമായി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.