പാലക്കാട്: പാലക്കാടിന്റെ ജന മനസുകൾ കീഴടക്കി യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുന്നു. ഇന്നലെ പുലർച്ചെ മേലാമുറി പച്ചക്കറി മാർക്കറ്റിൽ നിന്നാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. വ്യാപാരികളോടും മാർക്കറ്റിൽ ഉണ്ടായിരുന്നവരോടും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥന നടത്തി. ആർക്കും പരിചയപ്പെടുത്തലിന്റെ ആവശ്യകത ഇല്ലാത്ത പരിചിത മുഖത്തെ ആവേശത്തോടെയാണ് ഏവരും വരവേറ്റത്. തുടർന്ന് കോട്ടമൈതാനിയിൽ പ്രഭാത സഞ്ചാരം നടത്തിയവരുമായി രാഹുൽ ഏറെ നേരം ചെലവഴിച്ചു. മൈതാനിയിൽ കായിക പരിശീലനത്തിൽ ഏർപ്പെട്ടവരോട് രാഹുൽ കുശലാന്വേഷണം നടത്തി. പിന്നീട് കോൺഗ്രസിന്റെ ചരിത്രവുമായി ഏറെ ബന്ധമുള്ള കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്ര ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും പിന്തുണ തേടുകയും ചെയ്തു. തുടർന്ന് സുൽത്താൻപേട്ട ലത്തീൻ രൂപത ബിഷപ്പ് പീറ്റർ അബീറിനെ സന്ദർശിച്ച് പിന്തുണ തേടുകയും ചെയ്തു. ഏറെക്കാലമായി ആതുരസേവനരംഗത്ത് സജീവമായി നിലകൊള്ളുന്ന ഡോ. എ.കെ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തുകയും അനുഗ്രഹം തേടുകയും ചെയ്തു. ഇതിനിടെ മണപ്പുള്ളിക്കാവിൽ ഓട്ടോറിക്ഷ തൊഴിലാളികളുമായി സംസാരിക്കുകയും വോട്ട് അഭ്യർത്ഥന നടത്തുകയും ചെയ്തു. 70 വർഷക്കാലമായി അഭിഭാഷക സേവനമനുഷ്ഠിക്കുന്ന അഡ്വ.പി.ബി.മേനോനെ വീട്ടിലെത്തി സന്ദർശിച്ച് പിന്തുണ തേടി. മുൻ എ.ഐ.സി.സി അംഗം വിജയൻ പൂക്കാടനെ വീട്ടിലെത്തി സന്ദർശിച്ച് അനുഗ്രഹം തേടി. മണ്ഡലത്തിലെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്ത രാഹുൽ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. ഷാഫി പറമ്പിൽ എം.പിയും കോൺഗ്രസ്, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പമുണ്ടായിരുന്നു.