c

പാലക്കാട്: സി.പി.എം സ്ഥാനാർത്ഥിക്ക് പാലക്കാട്ട് പാർട്ടി ചിഹ്നം പോലും നൽകാതെ മത്സരിപ്പിക്കുന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള ഡീലാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഹംസയ്ക്കും ജോയ്സ് ജോർജിനും പാർട്ടി ചിഹ്നം കൊടുത്തവരാണ് ഇവിടെ സ്ഥാനാർത്ഥിക്ക് സ്വതന്ത്ര പരിവേഷം നൽകുന്നത്. അതുവഴി വോട്ടർമാർക്കിടയിൽ കൺഫ്യൂഷൻ ഉണ്ടാക്കി താമരയ്ക്ക് വോട്ട് ചെയ്യാനുള്ള തന്ത്രമാണത്. ഇതൊന്നും വോട്ടെടുപ്പിൽ പ്രതിഫലിക്കില്ല. പാലക്കാട് യു.ഡി.എഫിന് 101 ശതമാനം വിജയം ഉറപ്പാണ്.
കോൺഗ്രസ് ഓടുന്ന തീവണ്ടി പോലെയാണ്. ഓരോ സ്റ്റേഷനിലും 10 പേർ ഇറങ്ങും. 20 പേർ കയറും. കയറുന്നവരുടെ കണക്ക് ആരും എടുക്കാറില്ല എന്നുമാത്രം. തൃശൂരിൽ പൂരം കലക്കിയവർ തന്നെയാണ് ഇവിടെയും ഡീൽ ഉണ്ടാക്കിയിരിക്കുന്നത്.

പാർട്ടി വിട്ടുപോയവർ പാർട്ടിയെ കുറ്റം പറയുക അല്ലാതെ നല്ലത് പറയില്ലല്ലോ എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇതൊന്നും മുഖവിലക്കെടുക്കുന്നില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പാലക്കാട് മത്സരം. രാഹുലിന്റെ വിജയത്തിനായി പാലക്കാട് പ്രചാരണ രംഗത്ത് സജീവമാകും.
ഉപതിരഞ്ഞെടുപ്പ് നടക്കുന്നിടത്തും വയനാട്ടിലും സജീവമാവും. സർക്കാറിനും സി.പി.എമ്മിനും എതിരെയുള്ള ജനവികാരത്തെ എൽ.ഡി.എഫിന് മറികടക്കാനാവില്ല. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം വർദ്ധിക്കുമെന്നും മുരളീധരൻ അവകാശപ്പെട്ടു.