പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേക്ക് എൽ.ഡി.എഫ് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയിൽ ആവേശത്തോടെ അണിനിരന്ന് ഇടതുമുന്നണി പ്രവർത്തകർ. ''സരിൻ ബ്രോ'' എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്. കോൺഗ്രസ് വിട്ടെത്തിയ പി.സരിനെ സ്വീകരിക്കാൻ നേതാക്കൾക്ക് മാത്രമല്ല പ്രവർത്തകർക്കും ഒട്ടും മടിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു റോഡ് ഷോ. പാലക്കാട്ട് പി.സരിന്റെ റോഡ് ഷോ അക്ഷരാർത്ഥത്തിൽ ശക്തിപ്രകടനമാക്കി മാറ്റിയിരിക്കുകയാണ് ഇടതുമുന്നണി.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും പ്രവർത്തകർ പറയുന്നു. വിക്ടോറിയ കോളേജ് പരിസരത്തുനിന്നാണ് പി.സരിന്റെ റോഡ് ഷോ ആരംഭിച്ചത്. ഇതുകൂടാതെ സി.പി.എം- സി.പി.ഐ ജില്ലാ നേതാക്കളും ഇടതു മുന്നണിയുടെ ഘടക കക്ഷി നേതാക്കളും സരിന് പിന്തുണയുമായി റോഡ് ഷോയിൽ അണിനിരന്നു. നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോ സുൽത്താൻപേട്ട വഴി കോട്ടമൈതാനിയിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാക്കളായ വി.കെ.സനോജും വി.വസീഫും സരിനോടൊപ്പം തുറന്ന ജീപ്പിലുണ്ടായിരുന്നു.
ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതിൽ സന്തോഷവും അഭിമാനവുമുണ്ട്. ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളുടെ മുന്നിൽ നിൽക്കും. -പി.സരിൻ