railway

 5000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിംഗ് ഏരിയ

നൂറുകണക്കിന് കാറുകൾ നിർത്തിയിടാൻ കഴിയും

ബൈക്കുകൾക്കായി പ്രത്യേക സൗകര്യം

ഒറ്റപ്പാലം: ഷൊർണൂർ, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനുകളിലെ പുതിയ പാർക്കിംഗ് സംവിധാനം വിപുലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ഷൊർണൂർ ജംഗ്ക്ഷന് മുൻവശത്തായി തയ്യാറാക്കിയ പുതിയ പാർക്കിംഗ് ഏരിയ വിപുലമായ സൗകര്യത്തോടെയാണ് യാത്രക്കാരെ വരവേൽക്കുന്നത്. ഒരു മാസമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പാർക്കിംഗ് ഏരിയയിൽ യാത്രക്കാരുടെ വാഹനങ്ങളുടെ ക്രമീകരണം വിജയം കണ്ടു.

വിശാലമായ സൗകര്യമുള്ള സ്ഥലമായതിനാൽ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തൽ.
മേൽകൂരയില്ലെന്നത് മാത്രമാണ് യാത്രക്കാരുടെ പരാതി. ദീർഘസമയം നിർത്തിയിടുന്ന വാഹനങ്ങൾ വെയിലേറ്റും മഴ കൊണ്ടും കിടക്കേണ്ടി വരുമെന്നത് യാത്രക്കാരുന്നയിക്കുന്ന പ്രശ്നമാണ്. റെയിൽവേ സ്റ്റേഷന് സമീപത്തെ ചതുപ്പ് നിലം നികത്തിയാണ് യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി സൗകര്യമൊരുക്കിയിരിക്കുന്നത്.

5000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിംഗ് ഏരിയയിൽ നൂറുകണക്കിന് കാറുകൾ നിർത്തിയിടാനാവും. ബൈക്കുകൾക്കായി പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇവിടെ മേൽകൂരയും ഒരുക്കിയിട്ടുണ്ട്.

ആയിരക്കണക്കിന് യാത്രക്കാരുടെ നൂറുണക്കിന് വാഹനങ്ങളാണ് ഷൊർണൂരെത്തുക. വാഹനങ്ങളിൽ പലതും പാതയോരത്ത് നിർത്തിയിടുന്നത് മോഷണത്തിനും ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. റെയിൽവേയുടെ പാർക്കിംഗ് ഏരിയ വന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലും പാർക്കിംഗ് ഏരിയ അടക്കം നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.

മൂന്നിടങ്ങളിൽ വാഹനപാർക്കിംഗ്

പരീക്ഷണം പൂർത്തിയാക്കിതോടെ പാർക്കിംഗ് ഏരിയ പൂർണമായും തുറന്നു നൽകുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. ഇതോടെ റെയിൽവേ സ്റ്റേഷന് സമീപം മൂന്നിടങ്ങളിൽ വാഹനപാർക്കിംഗിന് സൗകര്യമുണ്ടാകും. നിലവിൽ റെയിൽവേ സ്റ്റേഷന് എതിർവശത്തെ വാട്ടർ ടാങ്കിന് താഴെയാണ് പാർക്കിംഗിന് സൗകര്യമുള്ളത്. പുതിയതായുണ്ടാക്കിയ പാർക്കിംഗ് ഏരിയ തുറക്കുന്നതോടെ യാത്രക്കാരുടെ പാർക്കിംഗിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. റെയിൽവേ ആശുപത്രിക്ക് എതിർവശത്തായും റെയിൽവേയുടെ പാർക്കിംഗ് ഏരിയയുണ്ട്. വാട്ടർ ടാങ്കിന് താഴെയുള്ള പാർക്കിംഗ് ഏരിയയിൽ മാത്രമേ ഇപ്പോൾ പണം നൽകി നിർത്തിയിടേണ്ടതുള്ളൂ. മറ്റെല്ലാസ്ഥലത്തും നിലവിൽ സൗജന്യമായാണ് യാത്രക്കാർ വാഹനങ്ങൾ നിർത്തുന്നത്.