nellu
നെല്ല് സംഭരണം

ചിറ്റൂർ: മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ കൊയ്ത്ത് കഴിഞ്ഞ് ഒരു മാസത്തിൽ കൂടുതലായിട്ടും സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുടമകൾ നെല്ലെടുക്കാൻ എത്തുന്നില്ലെന്ന് വ്യാപക പരാതി. മില്ലുകാരെ ബന്ധപ്പെടാനുള്ള നമ്പറിൽ പല തവണ വിളിച്ചാലും യാതൊരു പ്രതികരവും ലഭിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, പന്നി, മയിൽ, എലി ശല്യം, ഓലകരിച്ചിൽ, കീടബാധ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് കൊയ്‌തെടുത്തപ്പോൾ മിക്കവർക്കും ലഭിച്ചത് പാതി വിളവാണ്. വലിയ സാമ്പത്തിക ബാദ്ധ്യതയിൽ കൃഷിയിറക്കിയ കർഷകർക്ക് കൂടുതൽ സമയം കാത്തുനിൽക്കാൻ കഴിയാതെ വരുമ്പോൾ കിട്ടിയ വിലയ്ക്ക് സ്വകാര്യ വ്യക്തികൾക്ക് നെല്ല് കൊടുക്കാൻ നിർബന്ധിതരാകുകയാണ്. ഈ സാഹചര്യം ചൂഷണം ചെയ്യാൻ സ്വകാര്യ മില്ലുടമകൾക്ക് സാഹചര്യം ഒരുക്കുന്ന നിലപാടാണ് നിലവിൽ ഉള്ളതെന്ന് കിസാൻ ജനതാദൾ (എസ്) നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കൊയ്ത്തുകഴിഞ്ഞ കർഷകരുടെ നെല്ല് ഇനിയെങ്കിലും കാലതാമസമില്ലാതെ എടുക്കാനുള്ള നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.

 നിബന്ധനകളിൽ വലഞ്ഞ് കർഷകർ

ലോഡിംഗ് പോയിന്റ്, വില നിശ്ചയിക്കൽ, രജിസ്‌ട്രേഷൻ സൈറ്റ് തകരാറ് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ആദ്യം കാലതാമസം നേരിട്ടിരുന്നു. എന്നാൽ അതു കഴിഞ്ഞപ്പോൾ ഒരുപാടശേഖരത്തിലെ 50 % കർഷകരുടേയും കൊയ്ത്ത് കഴിയണമെന്ന നിബന്ധന വീണ്ടും കാലതാമസത്തിന് ഇടയാക്കി. ഇപ്പോൾ ഒരു ലോഡ് നിറയാൻ 190-200 ചാക്ക് നെല്ല് ഒരു സ്ഥലത്തു നിന്നു വേണമെന്ന ആവശ്യമാണ് മില്ലുകാർ മുന്നോട്ട് വയ്ക്കുന്നത്. ഇതിന് സാദ്ധ്യ മാകണമെങ്കിൽ കർഷകർ ഇനിയും മാസങ്ങൾ കാത്തിരിക്കണം. കൊയ്ത്ത് കഴിഞ്ഞ് ഒരു മാസത്തിൽ കൂടുതലായി കാത്തിരിക്കുന്ന കർഷകരെയാണ് ഈ നിബന്ധന ഏറെ പ്രതിസന്ധിയിലാക്കുന്നത്. ഇങ്ങനെ പല കാരണങ്ങൾ പറഞ്ഞ് കർഷകരുടെ നെല്ല് എടുക്കാൻ കാലതാമസം വരുത്തുന്നത് സ്വകാര്യ മില്ലുടമകളെ സഹായിക്കാനുള്ള തന്ത്ര മാണെന്നും ആക്ഷേപമുണ്ട്.