town-hall

ഷൊർണൂരിൽ ടൗൺ ഹാൾ നിർമാണത്തിന് തുടക്കം കുറിച്ചത് 2015 ൽ

അവസാന ഘട്ട പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നത് 2 കോടി രൂപ

വിശാലമായ പാർക്കിംഗ് സൗകര്യം, ഒട്ടേറെ ആളുകൾക്ക് ഇരിക്കാവുന്ന ഹാൾ, അനുബന്ധ റൂമുകൾ മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തീകരിച്ച് ടൗൺ ഹാൾ തുറന്നുകൊടുക്കും

ഷൊർണൂർ: നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ടൗൺ ഹാൾ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. 2015 ലാണ് ഭരണസമിതി ഷൊർണൂരിൽ ടൗൺ ഹാൾ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിന്നുപോവുകയായിരുന്നു. അതിനുശേഷം വന്ന ഭരണ സമിതിയാണ് ടൗൺ ഹാളിന്റെ നിർമ്മാണം പുനരാരംഭിച്ചത്. പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് 60 ശതമാനം നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുള്ളത്.

അവസാന ഘട്ട പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നു 2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക ലഭ്യമായാൽ ടൗൺ ഹാളിലെ ഇന്റീരിയർ, ഇലക്ട്രിക്കൽ, പ്ലമ്പിംഗ് ജോലികൾ പൂർത്തീകരിക്കാനാകും. ഫയർ സ്റ്റേഷന് എതിർ വശത്തുള്ള ഷൊർണൂർ നഗരസഭയുടെ ഒരു ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് ടൗൺ ഹാളിന്റെ നിർമ്മാണം. പദ്ധതി പൂർത്തിയായാൽ കുറഞ്ഞ തുകയ്ക്ക് കല്യാണം, സംഘടന പരിപാടികൾ, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്ക് വാടകയ്ക്ക് നൽകാനാകും. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹാളും നഗരസഭയ്ക്ക് വരുമാനവുമാണ് ലക്ഷ്യമിടുന്നത്.