പാലക്കാട്: തുലാമാസത്തിലും തിളച്ചുമറിയുകയാണ് നെല്ലറ, തിരഞ്ഞെടുപ്പ് രാഷ്ട്രീയം അത്രമേൽ കത്തിപ്പടരുന്നുണ്ട് പാലക്കാട്. അതിനിർണായക ഉപതിരഞ്ഞെടുപ്പിൽ ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും പൊരിഞ്ഞ പോരാട്ടത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. ആളും അരങ്ങും ഒരുങ്ങി. ചിത്രവും ചുമരെഴുത്തും വ്യക്തമായിത്തുടങ്ങി. ചുമരെഴുത്തിനായി ബുക്ക് ചെയ്ത സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരെഴുതി തുടങ്ങി. ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും തിരഞ്ഞെടുപ്പ് ആവശേത്തിന്റെ രഥോത്സവമാണ്. എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ച രാത്രി വന്നതോടെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇത്തവണയും ശക്തമായ ത്രികോണ മത്സരത്തിനാകും പാലക്കാട് വേദിയാകുകയെന്ന് വ്യക്തം. പാലക്കാട് നഗരസഭയിലെ മുൻ വൈസ് ചെയർമാനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.കൃഷ്ണകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി. യു.ഡി.എഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫിനായി സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി.സരിനുമാണ് മത്സര രംഗത്തുള്ളത്.
രാഹുലിലൂടെ വിജയം ആവർത്തിക്കാൻ യു.ഡി.എഫ്
കഴിഞ്ഞ മൂന്ന് തവണയും ഷാഫിയെ ചേർത്തുപിടിച്ച പാലക്കാടൻ ജനത ഇത്തവണ രാഹുലിനെയും കൈപിടിച്ചുയർത്തുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നത്. കേരളത്തിന് പരിചിതമുഖമായ രാഹുലിന് പ്രത്യേകമൊരു പരിചയപ്പെടുത്തൽ ആവശ്യമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തി പ്രചാരണം തുടങ്ങാനായതും നേട്ടമായെന്ന് നേതൃത്വം വിലയിരുത്തുന്നു. പാർട്ടി വോട്ടുകൾക്കപ്പുറം യുവ വോട്ടർമാരെ ആകർഷിക്കാൻ രാഹുലിന് കഴിയുമെന്നും മതേതര വോട്ടുകൾ സമാഹരിക്കാനാകുമെന്നും യു.ഡി.എഫ് കരുതുന്നു. സരിൻ പാർട്ടിവിട്ടത് തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും സരിന് പരമ്പരാഗത കോൺഗ്രസ് വോട്ടുകളിൽ ഇളക്കമുണ്ടാക്കാനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
സരിൻ ബ്രോയിലൂടെ തിരിച്ചുവരാൻ ഇടതുപക്ഷം
കഴിഞ്ഞ രണ്ടുതവണയും മൂന്നാംസ്ഥാനാത്തായതിന്റെ പേരുദോഷം മാറ്റാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇടതുമുന്നണി. കോൺഗ്രസ് പാളയത്തിൽ നിന്നെത്തിയ ഡോ. പി.സരിൻ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ കോൺഗ്രസിലെയും യു.ഡി.എഫിലെയും അതൃപ്തർക്കൊപ്പം നിഷ്പക്ഷ വോട്ടുകൾകൂടി സമാഹരിക്കാനാകുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ പാർട്ടിക്ക് വോട്ട് ചെയ്യാൻ മടിക്കുന്നവർ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുമെന്ന് നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറ്റൂർ നഗരസഭയിൽ വിജയകരമായി പയറ്റിയ സ്വതന്ത്ര സ്ഥാനാർത്ഥി തന്ത്രം പാലക്കാടും വിജയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് തേടുന്ന തിരക്കിലാണ് സരിൻ.
സി.കൃഷ്ണകുമാറിലൂടെ അക്കൗണ്ട് തുറക്കാൻ ബി.ജെ.പി
പാലക്കാട്ടുകാർക്കിടയിൽ സുപരിചിതനായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറാണ് എൻ.ഡി.എക്കായി കളത്തിലിറങ്ങുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെ മെട്രോമാൻ ഇ.ശ്രീധരനെ പൊന്നാനിയിലെ വീട്ടിൽ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. ഇന്ന് വൈകീട്ട് നഗരത്തിൽ റോഡ് ഷോ സംഘടിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. 180 ബൂത്തിൽ 50 ഓളം ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയാക്കിയുള്ള ചിട്ടയായ പ്രവർത്തനം ഇത്തവണ വിജയം കൊണ്ടുവരുമെന്നാണ് ബി.ജെ.പി കരുതുന്നത്. പാർട്ടി വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്നും സി.കൃഷ്ണകുമാർ പറഞ്ഞു.