
പാലക്കാട്: നാടിന്റെ മുക്കും മൂലയും അറിയാവുന്ന സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കി ഉപതിരഞ്ഞെടുപ്പിൽ അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബി.ജെ.പി. ചെറുപ്രായത്തില് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായി താഴെത്തട്ടിൽ നിന്നും രാഷ്ട്രീയപ്രവർത്തനം നടത്തി മികച്ച സംഘാടകനായി ഉയർന്ന നേതാവാണ് .
1984ലാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അടിയുറച്ച സംഘപ്രവർത്തകനും കാര്യകർത്താവുമായിരുന്ന അദ്ദേഹം അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ വിവിധ ചുമതലകൾ വഹിച്ചു. 2003 മുതൽ 2006 വരെ യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 2004 മുതൽ 2006 വരെ യുവമോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. 2006 മുതൽ 2009 വരെ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി. 2009 മുതൽ 2015 വരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 2015ൽ ബിജെപി സംസ്ഥാന സെക്രട്ടറിയായി കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാല് തവണ പാലക്കാട് നഗരസഭാ കൗൺസിലറായി. പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാനുമാണ്. .
സി.കൃഷ്ണകുമാർ എന്ന പോരാളിയുടെ യഥാർത്ഥ മുഖം കേരളം കണ്ടത് മലമ്പുഴയിലെ വീറുറ്റ പോരാട്ടത്തിലാണ്. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വി.എസ്.അച്യുതാനന്ദനെതിരെ നേർക്കുനേർ പോരാട്ടം കാഴ്ച വച്ചാണ് കീഴടങ്ങിയത്. അന്ന് സി.കൃഷ്ണകുമാർ കോൺഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. വി എസിന്റെ വോട്ടു വിഹിതം 57 ശതമാനത്തിൽ നിന്ന് 46 % ആയി കുറയ്ക്കാനും സാധിച്ചു. 2021ൽ സി കൃഷ്ണ കുമാർ മലമ്പുഴയാണ് മത്സരിച്ചത്. അത്തവണ അദ്ദേഹത്തിന്റെ വോട്ടുകൾ 2019 ലെ 46,157 ൽ നിന്നും 50,200ആയി വർദ്ധിച്ചു.
പ്രചാരണത്തിന്
തയ്യാർ: ഇ. ശ്രീധരൻ
മലപ്പുറം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. നേതൃത്വം ആവശ്യപ്പെട്ടാൽ പ്രചാരണത്തിനിറങ്ങും. പാലക്കാട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. റെയിൽവേ, തൊഴിൽ, വ്യാവസായിക മേഖലകളിലെ വികസനത്തിനായി തയ്യാറാക്കിയ രൂപരേഖ കൃഷ്ണകുമാറിനെ ഏൽപ്പിക്കും. പാലക്കാടിന്റെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രധാന പ്രശ്നങ്ങളിലൊന്നായ ജലക്ഷാമം പരിഹരിക്കാനുള്ള ചർച്ചകൾ ബി.ജെ.പി വിപുലമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനുഗ്രഹം തേടി പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലെത്തിയിരുന്നു.