
പാലക്കാട്: നിലപാടിലെ വ്യക്തതയും കൂരമ്പു പോലെ തറയ്ക്കുന്ന വാദങ്ങളും എതിരാളികൾക്ക് നേരെ നിരന്തരം കുറിക്കു കൊള്ളുന്ന ചോദ്യങ്ങളും കൃത്യമായ മറുപടികളുമായി കോൺഗ്രസിനകത്ത് ശ്രദ്ധേയനായ യുവത്വത്തിന്റെ കരുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിലിന് പിൻഗാമിയായി വളർന്നുവന്ന തീപ്പൊരി നേതാവ്. 34 കാരനായ രാഹുൽ 2023 നവംബർ മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. അഭിമാന പോരാട്ടം നടക്കുന്ന പാലക്കാടൻ മണ്ണിൽ മിന്നും വിജയം ലക്ഷ്യമിട്ട് രാഹുൽ ഇറങ്ങുന്നത് കന്നി തിരഞ്ഞെടുപ്പ് അങ്കത്തിന്.
1989 നവംബർ 12ന് പത്തനംതിട്ട അടൂർ മുണ്ടപ്പള്ളി ആറ്റുവിളാകത്തു വീട്ടിൽ രാജേന്ദ്രക്കുറുപ്പിന്റെയും ബീന ആർ കുറുപ്പിന്റെയും മകനായി ജനനം. 2006ൽ പത്തംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ പഠിക്കുമ്നോൾ കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ, കെ.എസ്.യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, 2018 - 2021 എൻ.എസ്.യു ദേശീയ സെക്രട്ടറി.. പിന്നീട് കോൺഗ്രസിന്റെ യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാന കോൺഗ്രസിന്റെ പ്രധാന വക്തായി.യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, 2020ൽ കെ.പി.സി.സി അംഗം.. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ.. ഡൽഹി സെന്റ്. സ്റ്റീഫൻസ് കോളേജിൽ നിന്ന് എം.എ.ഹിസ്റ്ററി, ഇഗ്നോയിൽ നിന്ന് എം.എ.ഇംഗ്ലീഷ് ബിരുദങ്ങൾ കരസ്ഥമാക്കിയ രാഹുൽ എം ജി യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുകയാണ്.