
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി. താൻ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ്,മുഴുവൻ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നുമില്ല. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എല്ലാ ആരോപണങ്ങൾക്കുമുള്ള മറുപടി നൽകും. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയബന്ധത്തിന് മറുപടി പറയാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. അതിനുള്ള ഏറ്റവും നല്ലമാർഗം യു.ഡി.എഫിന് മികച്ച വിജയം നൽകുകയെന്നതാണ്. അത് നൽകാൻ പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ തയാറെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവറിന്റെ സ്ഥാനാർത്ഥി കോൺഗ്രസിനെ ബാധിക്കില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.