
കൊല്ലങ്കോട്: കൊയ്‌തെടുക്കാൻ പാകമായ വിളഞ്ഞ നെൽപ്പാടങ്ങളിൽ വിളവെടുപ്പ് നടത്താൻ കഴിയാതെ കണ്ണീരണിഞ്ഞ് കർഷകർ. തുടരെയുള്ള കനത്ത മഴയെ തുടർന്ന് നാലു ദിവസത്തിലധികമായി കൊയ്‌തെടുക്കാൻ കഴിയാതെ നെൽക്കതിരുകൾ മുളച്ചുതുടങ്ങിയ സ്ഥിതിയാണ്. കൊല്ലങ്കോട് കാച്ചാം കുറിശ്ശി പരിക്കൽകളം ശിവദാസന്റെ നെൽപ്പാടമാണ് വെള്ളക്കെട്ടിനാൽ നശിച്ചുപോയത്. കൃഷിയെ ആശ്രയിച്ചാണ് കുടുംബ കഴിയുന്നത്. നെൽകൃഷിയാണ് മുഖ്യ കാർഷിക വിളയെങ്കിലും മലയോര മേഖലയായതിനാൽ വന്യമൃഗങ്ങളിൽ നിന്നും പൊരുതിയാണ് കാർഷിക വൃത്തിയിൽ ഏർപ്പെട്ടുന്നത്. നെൽകൃഷിക്കൊപ്പം സമീപ പ്രദേശങ്ങളിൽ പച്ചക്കറി കൃഷിയും വ്യാപകമാണ്. നെൽകൃഷിയേക്കാൾ വരുമാനം പ്രതീക്ഷിച്ച് പച്ചക്കറി കൃഷിക്ക് പ്രാധാന്യം നൽകുന്നതിനാൽ കൃഷി ഒരുക്കുന്നതിലൂടെ പച്ചക്കറി തോട്ടത്തിലൂടെ മഴയിൽ അധികമായി ഒഴുകിയെത്തുന്ന വെള്ളം നെൽപ്പാടങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കുകയും മഴയിൽ വീണ നെൽക്കതിർ ചീഞ്ഞ് മുളയ്ക്കാൻ കാരണമായി. കൊയ്ത്ത് യന്ത്രം ഇറക്കാനോ കൊയ്‌തെടുക്കാനോ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ. കൃഷിക്കായി നിലം ഒരുക്കുന്നതു മുതൽ വിത്തിടൽ, രാസവളം, കളപറി, കീടനാശിനി പ്രയോഗം, കൊയ്‌തെടുക്കൽ എന്നിങ്ങനെ നിരവധി പ്രക്രിയയിലൂടെയാണ് വിളവെടുപ്പ് നടത്തുന്നത്.
കൊയ്‌തെടുക്കുന്ന നെല്ല് സിവിൽ സപ്ലൈസ് വകുപ്പ് എടുക്കാത്തതിനാൽ മഴയത്തും നെല്ല് കെട്ടിക്കിടക്കുകയാണ്. ഇതിന് ബദൽ സംവിധാനം ഉണ്ടാകാണം. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിളനാശം സംഭവിക്കുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമാണ് കൃഷി ഉടമയ്ക്ക് സംഭവിക്കുന്നത്. മഴക്കെടുതി മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ കൃഷി വകുപ്പ് തയ്യാറാകണം.
സി.വിജയൻ, പ്രസിഡന്റ്, കർഷക സംരക്ഷണ സമിതി.