
ഡാമിൽ സുരക്ഷാ സംവിധാനങ്ങളില്ല
ഡാം എത്രപേർ സന്ദർശിക്കുന്നു എന്നതിന് കൃതമായ കണക്കില്ല
അനധികൃതമായി ഡാമുകളിൽ ഇറങ്ങി കുളിക്കുന്നത് പതിവാകുന്നു
ലഹരി ഉപയോഗിക്കുന്നവർ കൂടുതൽ
മുതലമട: ഗ്രാമപഞ്ചായത്തിലെ പ്രധാന അണക്കെട്ടായ ചുള്ളിയാറിൽ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. അവധി ദിവസങ്ങളിൽ മാത്രം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാൽ സന്ദർശനത്തിനെത്തുന്നവർ ചുള്ളിയാർ ഡാമിനെ തകർത്താണ് മടങ്ങുന്നത്. ഡാമും പരിസരവും കാണാൻ എത്തുന്നവർ മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ജൈവ-അജൈവമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡാമിലേക്ക് പോകുന്ന പ്രധാന വഴിയിൽ യുവാക്കൾ മദ്യപിച്ച് അബോധാവസ്ഥയിൽ കിടക്കുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക ഉണ്ടാക്കി. മദ്യത്തിനും കഞ്ചാവിനും പുറമേ രാസലഹരികളും ഉപയോഗിക്കുന്നതെന്നാണ് സൂചന. കൂടാതെ ഡാമിലെ പൊതുമുതൽ നശിപ്പിക്കുന്നതിനും ചിലർ മുതിരുന്നു.
ഡാം കാണാൻ എത്തുന്ന സഞ്ചാരികളിൽ ചിലർ മദ്യവും ലഹരിയും ഉപയോഗിച്ചതിനു ശേഷം ഡാമുകളിൽ ഇറങ്ങി കുളിക്കുന്നതും പതിവാണ്. ഡാമിൽ വെള്ളം സംഭരിക്കുന്നതിനായി ആഴം കൂട്ടി ഡാമിലെ മണ്ണും മണലും ചെളിയും മാറ്റുന്നുണ്ട്. കൂടാതെ മത്സ്യത്തൊഴിലാളികൾ ഡാമിൽ വല വിരിച്ചത്തിൽ കുരുങ്ങിയാലും അപകടത്തിൽ പെടും.
അന്യസംസ്ഥാനക്കാരും മറ്റു ജില്ലയിലുള്ളവരുമാണ് ഇവിടുത്തെ പ്രധാനവിനോദ സഞ്ചാരികൾ. കൊല്ലങ്കോട് കാണാനെത്തുന്നവർ ചുള്ളിയാർ, മീങ്കര തുടങ്ങിയ അണക്കെട്ടുകളും ശുക്രിയാൽ, പലകപ്പാണ്ടി തുടങ്ങിയ വെള്ളച്ചാട്ടവും സന്ദർശിച്ചിട്ടാണ് മടങ്ങുന്നത്. സഞ്ചാരികളിൽ ഭൂരിഭാഗവും യുവാക്കളും വിദ്യാർത്ഥികളുമാണ്.
പേരിന് മാത്രമൊരു സുരക്ഷ അതോറിറ്റി
ഡാം സുരക്ഷയെ കണക്കിലെടുത്ത് ഡാം സുരക്ഷ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. എങ്കിലും അത് കാര്യക്ഷമമല്ല. ഡാമിൽ എത്രപേർ വന്നു പോകുന്നുണ്ട് എന്നതിന് കൃതമായ കണക്കില്ല. കൂടാതെ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഡാം അധികൃതർ ഇവിടെ യാതൊരു മുന്നറിയിപ്പ് സുരക്ഷാ നടപടിയും സ്വീകരിക്കുന്നില്ല. പൂർണ സംഭരണശേഷി എത്തി നിൽക്കുന്ന ചുള്ളിയാറിൽ കൂടുതൽ സുരക്ഷ ഒരുക്കി സഞ്ചാരികളുടെ സന്ദർശനത്തിൽ അധികൃതർ കൃത്യമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നിലവിൽ ഡാമിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല. ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുത്താൽ മാത്രമേ സുരക്ഷയ്ക്ക് കാര്യമായ ഫലമുണ്ടാകൂ.
എസ്.നിധിൻ ഘോഷ്, യുവജനതാദൾ എസ് ജില്ലാ കമ്മിറ്റിയംഗം.
വിനോദസഞ്ചാരികളുടെ സുരക്ഷയിൽ ഡാമിൽ യാതൊരു സംവിധാനവുമില്ല. പൊലീസും എക്‌സൈസും ഉണർന്നാൽ മാത്രമേ ലഹരി ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ നടപടി ഉണ്ടാക്കാനാകൂ.
രവി കണ്ടൻ, സ്രാമ്പിച്ചള്ള മുതലമട, പൊതുപ്രവർത്തകൻ.