 
ഒറ്റപ്പാലം: യാത്രാത്തിരക്ക് കുറയ്ക്കാൻ ഇടക്കാലത്ത് തുടങ്ങിയ ഷൊർണൂർ-കണ്ണൂർ സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവ്വീസ് തുടർന്നേക്കുമെന്ന് സൂചന. ട്രെയിൻ സർവീസ് ഈ മാസം അവസാനത്തോടെ നിറുത്താനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിച്ചേക്കും. ട്രെയിൻ യാത്രക്കാരുടെ സംഘടനകൾ നൽകിയ നിവേദനത്തിന് മറുപടിയായി പാലക്കാട് ഡിവിഷൻ അഡിഷണൽ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണനാണ് ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയത്. പാലക്കാട് ഡിവിഷൻ പരിധിയിലെ രൂക്ഷമായ ട്രെയിൻ യാത്രാദുരിതം പരിഹരിക്കുന്നതിന് യാത്രക്കാരുടെ ആവശ്യങ്ങളും പ്രായോഗിക നിർദേശങ്ങളും ഏകോപിച്ച് തയാറാക്കിയ നിവേദനം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ (സി.എ.ആർ.യു.എ) ആണ് ഉന്നത ഉദ്യോഗസ്ഥർക്കു സമർപ്പിച്ചത്. ദേശീയ വർക്കിംഗ് ചെയർമാനും കേരള റീജിയൻ പ്രസിഡന്റുമായ ഷെവലിയാർ സി.ഇ.ചാക്കുണ്ണി, കൺവീനർമാരായ സൺഷൈൻ ഷൊർണൂർ, പി.ഐ.അജയൻ, എ.ശിവശങ്കരൻ, റിട്ട. സതേൺ റെയിൽവേ കൺട്രോളർ കെ.എം.ഗോപിനാഥ് എന്നിവർ നിവേദനം സമർപ്പിച്ച് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി.
നിവേദനത്തിലെ ആവശ്യങ്ങൾ
 ചെന്നൈ-ബെംഗളൂരു കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ എക്സ്‌പ്രസ് പാലക്കാട്ടേക്കു നീട്ടണം.
 2019ൽ റദ്ദാക്കിയ കോഴിക്കോട്-ഷൊർണൂർ, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണം.
 ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ആഴ്ചയിൽ നാലുദിവസം ആരംഭിച്ച സ്‌പെഷ്യൽ പാസഞ്ചർ ദിനംപ്രതി ആക്കണം.
 ഷൊർണൂർ-കണ്ണൂർ സ്പെഷ്യൽ സർവീസ് ഈ മാസം നിറുത്താനുള്ള നീക്കം ഉപേക്ഷിക്കണം.
 തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കോച്ചുകൾ 16 ആക്കി വർദ്ധിപ്പിക്കണം.
 തിരക്കുള്ള വണ്ടികളിൽ ജനറൽ റിസർവേഷൻ യാത്രികരുടെ ദുരിതം പരിഹരിക്കണം.