d

പാലക്കാട്: കോൺഗ്രസ് വിമതനായി മത്സരിക്കുമെന്ന് പറഞ്ഞിരുന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി. സരിനുമായി കൂടികാഴ്ച നടത്തിയശേഷം ഇരുവരും ഒരുമിച്ചാണ് മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇന്നലെ സരിൻ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മത്സരിക്കുമെന്നായിരുന്നു ഷാനിബിന്റെ മടുപടിയെങ്കിലും കൂടികാഴ്ചയ്ക്ക് ശേഷം മത്സരത്തിൽ നിന്ന് പിന്മാറുന്നതായി അദ്ദേഹം അറിയിക്കുകയായിരുന്നു. ബി.ജെ.പിയേയും വി.ഡി.സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്തണം അതിനാണ് പിന്മാറ്റമെന്നും ഷാനിബ് പറഞ്ഞു. കൂടാതെ മാദ്ധ്യമങ്ങളിലൂടെയാണ് സരിൻ പിന്മാറണമെന്ന കാര്യം പറഞ്ഞത്. അതിനുശേഷം നിരവധിയാളുകൾ വിളിച്ചു നമ്മുടെ മതേതരവോട്ടുകൾ ഭിന്നിപ്പരുതെന്ന ആശങ്കയുണ്ടെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. താൻ കോൺഗ്രസുകാരനാണ് ഏതെങ്കിലും തരത്തിൽ ഒരു കമ്യൂണിസ്റ്റുകാരനായി മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാക്കരുത്. സരിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ഷാനിബ് വ്യക്തമാക്കി.