
പാലക്കാട്: മതേതര വോട്ട് എന്താണെന്ന കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു വിഭാഗത്തിന്റെ വോട്ട് മാത്രം മതേതരവും മറ്റുള്ളവരുടേത് വർഗീയവുമാകുന്നതെങ്ങനെയാണെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്ക് വോട്ട് ചെയ്തവരെയാണ് സി.പി.എം വർഗീയവാദികളാക്കുന്നത്.
കോടതിയിൽ പി.പി.ദിവ്യയ്ക്ക് വേണ്ടി സി.പി.എം അവതരിപ്പിച്ച വാദങ്ങളെല്ലാം എ.ഡി.എം നവീൻ ബാബുവിനെ അപകീർത്തിപ്പെടുത്തുന്നതാണ്. ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിലകൊള്ളുകയാണ് സി.പി.എം. 50 കോടി കൊടുത്ത് കേരളത്തിൽ രണ്ട് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങും എന്നൊക്കെ പറയുന്നത് വിശ്വാസയോഗ്യമല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പിക്ക് ഇതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.