
പാലക്കാട്: ബി.ജെ.പി സഖ്യത്തിലുള്ള അജിത്പവാറിന്റെ എൻ.സി.പിയിൽ ചേരുന്നതിന് എൽ.ഡി.എഫ് എം.എൽ.എയാണ് അവരുടെ പക്ഷത്തെ രണ്ട് എം.എൽ.എമാർക്ക് നൂറു കോടി വാഗ്ദാനം ചെയ്തതെന്നും മുഖ്യമന്ത്രി നടപടിയെടുക്കാത്തത് എന്താണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കോഴ വാഗ്ദാനം ചെയ്താൽ കേസെടുക്കേണ്ടതല്ലേ?. സംഘ്പരിവാർ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് ഇടത് എം.എൽ.എ ശ്രമിച്ചത്. ബി.ജെ.പിയെ പേടിച്ചിട്ടാണോ നടപടി എടുക്കാതിരുന്നത്. ബി.ജെ.പിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാർട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ മന്ത്രി സ്ഥാനത്ത് നിന്നു പുറത്താക്കുമെന്ന് കൃഷ്ണൻകുട്ടിയോട് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ? .മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന കോഴ വിവരത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ അഭിപ്രായം പറയട്ടെ.
ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് മറുപടിയില്ല. സ്വന്തം ജില്ലയിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത് എട്ട് ദിവസംവരെ മുഖ്യമന്ത്രി ചുണ്ടനക്കിയില്ല. ആ കുടുംബത്തെ ആശ്വസിപ്പിക്കാനുള്ള മര്യാദയും മനഃസാക്ഷിയും ഉണ്ടായില്ല. എ.ഡി.എമ്മിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപസംഘം തന്നെയാണ് സംരക്ഷിക്കുന്നത്. മനഃസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയും ഉപജാപകസംഘത്തിനൊപ്പമാണ്. അതേ ഉപജാപകസംഘമാണ് മുഖ്യമന്ത്രിയെയും നിയന്ത്രിക്കുന്നത്. ടിഷ്യൂ പേപ്പറിൽ എഴുതി നൽകിയാലും മുഖ്യമന്ത്രി ഒപ്പിട്ടു നൽകുമെന്ന് പറഞ്ഞത് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഇപ്പോൾ പിണറായിയെ നിയന്ത്രിക്കുന്നത് ഈ ഉപജാപകസംഘമാണ്. ഉപജാപകസംഘത്തെ ഭയന്നാണ് എ.ഡി.എമ്മിന്റെ കുടുംബത്തോട് പോലും മുഖ്യമന്ത്രി സംസാരിക്കാതിരുന്നത്.