farmer
നല്ലേപ്പിള്ളിയിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പാടത്ത് വീണ നെൽച്ചെടികൾ.

നെന്മാറ: കൊയ്ത്തു മെഷീനുകളുടെ കുറവ് ഒന്നാം വിള കൊയ്ത്തിനെ ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയും കൊയ്ത്തിന്റെ വേഗത കുറയ്ക്കുന്നു. കൊയ്ത്ത് വൈകുന്നതോടെ പാകമായ നെൽ ചെടികൾ മഴമൂലം വെള്ളത്തിൽ വീണ് നശിക്കുകയാണ്. പോത്തുണ്ടി, പെരുമാങ്കോട്, അടിപ്പെരണ്ട, അയിലൂർ, കയറാടി, നൂറം, കോഴിക്കോട് തുടങ്ങിയ പാടശേഖരങ്ങളിലാണ് യന്ത്ര കുറവുമൂലം ഒന്നാം വിള കൊയ്ത്ത് വൈകുന്നത്. മഴമൂലം ദിവസം നാലും അഞ്ചും മണിക്കൂർ മാത്രമേ മിക്കയിടത്തും കൊയ്ത്ത് നടക്കുന്നുള്ളൂ. യന്ത്രങ്ങളുടെ കുറവാണ് കൊയ്ത്തു വൈകാൻ ഇടയാക്കിയത്.

 എത്തിയത് പകുതി യന്ത്രങ്ങൾ

തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ കൊയ്ത്ത് യന്ത്രങ്ങൾ എത്താറുള്ളത്. ഓരോ ഏജന്റിനും എട്ടും പത്തും കൊയ്ത്ത് യന്ത്രങ്ങൾ എത്താറുള്ള സ്ഥാനത്ത് ഇക്കുറി നാലും അഞ്ചും യന്ത്രങ്ങൾ മാത്രമാണ് എത്തിയിട്ടുള്ളതെന്ന് ഏജന്റ് ചെന്താമരാക്ഷൻ പറയാൻ പള്ളം പറഞ്ഞു. ഒന്നാം വിളയ്ക്ക് ചെളിയിൽ കൊയ്ത്ത് നടത്തുന്ന യന്ത്രം മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നത് കർഷകർക്കും പ്രതിസന്ധിയാകുന്നു. രണ്ടാം വിളയിൽ ടയർ ഉപയോഗിച്ച് ഓടുന്ന യന്ത്രവും ഉപയോഗിക്കാൻ കഴിയുന്നതിനാൽ യന്ത്ര ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ജൂൺ മാസത്തിൽ കാലവർഷം വരാൻ വൈകിയത് കാരണം എല്ലായിടത്തും ഒരേസമയത്തായിരുന്നു നടീൽ. ഇവയെല്ലാം ഒരേ സമയത്ത് കൊയ്ത്തിനു പാകമായതും യന്ത്ര ക്ഷാമത്തിന് കാരണമായി. ഒന്നാംവിള കൊയ്ത്തു വൈകുന്നതനുസരിച്ച് രണ്ടാം വിള തയ്യാറെടുപ്പ് തുടങ്ങാനും വൈകും. സാധാരണ കന്നി മാസത്തിൽ രണ്ടാം വിള നടീൽ ആരംഭിക്കാറുള്ളത് ഇക്കുറി തുലാമാസമായിട്ടും ഒന്നാം വിള കൊയ്ത്തുതീർന്നിട്ടില്ലെന്ന് കർഷകർ പറയുന്നു.