bhg

□മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് എൻ.എൻ.കൃഷ്ണദാസ്

പാലക്കാട്: സി.പി.എം പാലക്കാട് ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടി. അദ്ദേഹം എൻ.എൻ. കൃഷ്ണദാസിനൊപ്പം സി.പി.എം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തി. പാർട്ടി അവഗണനയിൽ മനം നൊന്ത് രാജി വയ്ക്കുന്നുവെന്ന് ഷുക്കൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പാർട്ടി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചത്.

അതേസമയം, രാജിയുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരെ മുൻ എം.പി എൻ.എൻ.കൃഷ്ണദാസ് അധിക്ഷേപിച്ചു. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് താൻ പറഞ്ഞോളാം എന്നായിരുന്നു കൃഷ്ണദാസിന്റെ പ്രതികരണം. സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന് വാർത്ത കൊടുത്തവരും,രാവിലെ മുതൽ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്ന പോലെ നിന്നവർ ലജ്ജിച്ച് തലതാഴ്ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയെ തുടർന്ന് പാർട്ടി വിടുമെന്ന് പറഞ്ഞ അബ്ദുൾ ഷൂക്കൂറിന്റെ വീട്ടിൽ നേരത്ത കൃഷ്ണദാസ് എത്തിയെങ്കിലും ഷുക്കൂർ അവിടെ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമപ്രവർത്തരേയും അദ്ദേഹം അധിക്ഷേപിച്ചു.

ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. പാലക്കാട് നഗരമേഖലയിൽ ജനപിന്തുണയുള്ള നേതാവ് കൂടിയായ അദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജി പ്രഖ്യാപിച്ചത്. കൺവെൻഷൻ യോഗത്തിലേക്ക് ഷുക്കൂറിനെ തോളിൽ കൈയ്യിട്ടാണ് കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാർട്ടി പ്രവർത്തകരും. ഷുക്കൂർ തല താഴ്ത്തിയാണ് കൺവൻഷൻ വേദിയിലേക്ക് നടന്നെത്തിയത്.