പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ചൂട് അനുദിനം വർദ്ധിക്കുന്ന പാലക്കാട് നാമനിർദ്ദേശ പത്രിക സമർപ്പണം കഴിഞ്ഞതോടെ മുന്നണി സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്. 39 ലക്ഷം രൂപയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ സ്വത്ത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേതാകട്ടെ 20 ലക്ഷം രൂപയും. 41,90, 429 രൂപയുടെ സമ്പാദ്യം ഉണ്ട് എൻ.ഡി.എ സ്ഥാനാർത്ഥിക്ക്.
 രാഹുലിന്റെ കൈയ്യിൽ 25000 രൂപ
രാഹുൽ മാങ്കൂട്ടത്തലിന്റെ കൈവശമുള്ള പണം 25,000 രൂപ. അമ്മയുടെ കൈയിൽ 10,000 രൂപയും. ഒരു പവന്റെ ആഭരണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കൈയ്യിലുള്ളത്. 55,000 രൂപയാണ് ഇതിന്റെ മൂല്യം. അമ്മയുടെ പക്കൽ 20 പവന്റെ സ്വർണമുണ്ട്. അങ്ങനെ ആകെ സ്വത്ത് 39,36,454 രൂപയുടേതാണ്. അടൂരിൽ 24 ലക്ഷം രൂപ വില മതിക്കുന്ന ഭൂമിയും രാഹുലിന്റെ പേരിലുണ്ട്. അമ്മയുടെ ആകെ സ്വത്ത് 43,98,736 രൂപയാണ്. ചെറുകിട സംരംഭകൻ എന്ന നിലയ്ക്കാണ് രാഹുലിന്റെ വരുമാന സ്രോതസ്. പങ്കാളിത്തത്തിൽ കുട്ടികളുടെ വസ്ത്ര കട, മെഡിക്കൽഷോപ്പ് എന്നിവയുണ്ട്. സ്വന്തമായി ജെൻസ് ബ്യൂട്ടി പാർലറുണ്ട്. മിൽമയുടെ ഏജൻസിയും രാഹുലിന്റെ പേരിലുണ്ട്. രാഹുലിന്റെ ആകെ ബാധ്യത 2421226 രൂപയാണ്.
 സരിന്റെ കൈയിൽ 5,000 രൂപ
ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി. സരിന്റെ കൈയിൽ ആകെയുള്ളത് 5,000 രൂപയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് തിരുവില്വാമല ബ്രാഞ്ചിൽ 17,124 രൂപയുണ്ട്. 10 ലക്ഷത്തിന്റെ രണ്ട് എൽ.ഐ.സി പോളിസിയാണ് മറ്റൊരു സ്വത്ത്. ആകെ 20,22,124 രൂപയുടെ സ്വത്താണ് സരിനുള്ളത്. സ്വർണം, മോട്ടോർ വാഹനങ്ങൾ എന്നിവ സരിന്റെ കൈവശമില്ല. മെഡിക്കൽ ഡോക്ടർ എന്ന നിലയിലെ പെൻഷനാണ് വരുമാന മാർഗം എന്നാണ് നാമനിർദ്ദേശ പത്രികയിൽ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ ആകെ സ്വത്ത് 42,19,125 രൂപയാണ്.
 കൃഷ്ണകുമാറിന്റെ കൈവശമുള്ളത് 10,000 രൂപ
എൻ.ഡി.എ സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ കൈവശമുള്ളത് 10,000 രൂപ. വാർഷിക വരുമാനം 5,41,360 രൂപ.
3 അക്കൗണ്ടുകളിലായി 1,25,429 രൂപ ബാങ്ക് നിക്ഷേപം ഉണ്ട്. ബോണ്ട്, കടപ്പത്രം, മ്യൂച്വൽ ഫണ്ട് ഇനങ്ങളിലായി 1,50,000 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇൻഷ്വറൻസ് ഉൾപ്പെടെ 17.15 ലക്ഷം രൂപയുടെ പോളിസിയുണ്ട്. 24 ഗ്രാം സ്വർണം ഉൾപ്പെടെ ആകെ 41,90,429 രൂപയുടെ സമ്പാദ്യം ഉണ്ട്. 40,000 രൂപ വിലയുള്ള സ്‌കൂട്ടറും ഇതിൽ ഉൾപ്പെടുന്നു. കൃഷ്ണകുമാറിന്റെ പേരിൽ 7 സെന്റ് സ്ഥലത്ത് 3920 ചതുരശ്ര അടി വിസ്തീർണമുള്ള വീടുണ്ട്. 40 ലക്ഷം രൂപയാണു മതിപ്പുവില. സ്വന്തമായി കൃഷിഭൂമി ഇല്ല. 5,64,733 രൂപയുടെ വായ്പയുണ്ട്.
ഭാര്യ മിനി കൃഷ്ണകുമാറിന്റെ കൈവശം 10,000 രൂപയുണ്ട്. സ്വർണം, കാർ ഉൾപ്പെടെ 37,82,150 രൂപയുടെ ആസ്തിയുണ്ട്. മിനി കൃഷ്ണകുമാറിന്റെ പേരിൽ 4 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന 13 സെന്റ് കാർഷികേതര ഭൂമിയും 6 സെന്റിൽ 2613.6 ചതുരശ്ര അടി വിസ്തീർണത്തിൽ വീടും ഉണ്ട്. 35 ലക്ഷം രൂപയാണു മതിപ്പുവില. 1.2 ലക്ഷം രൂപയുടെ വായ്പയുണ്ട്. കൃഷ്ണകുമാറിന്റെ പേരിൽ രാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളുണ്ട്. ഇതിൽ 9 കേസുകൾ വിചാരണയിലാണ്. 21 കേസുകളിൽ പിഴ അടയ്ക്കാനാണു ശിക്ഷാവിധി.