 
കിഴക്കഞ്ചേരി: കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി മാറിയ കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര കുടിയേറ്റ മേഖലകളിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു. കപ്പ, ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ ഹ്രസ്വകാല വിളകൾ മലയോര മേഖലകളിൽ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് കാട്ടുപന്നി, മാൻ, കേഴ, മയിൽ തുടങ്ങിയവ വ്യാപകമായി വിളകൾ നശിപ്പിക്കുന്നത്. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ആനയും പുലിയും കൂടി ചേരുന്നതോടെ മലയോര ജനതയ്ക്ക് സ്വൈര ജീവിതം നഷ്ടമായി. ജനങ്ങൾക്കു പേടികൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മുമ്പൊക്കെ രാത്രി മാത്രം എത്തിയിരുന്ന കാട്ടുപന്നികൾ ഇപ്പോൾ പകലും ജനങ്ങവാസ മേഖലകളിലെത്തി ആക്രമിക്കുന്ന സ്ഥിതിയാണ്. നൂറുകണക്കിന് പന്നികളാണ് ഓരോ പ്രദേശത്തും തിങ്ങിനിറഞ്ഞിട്ടുള്ളത്. ഒന്നോ രണ്ടോ പന്നികളെ മാത്രം വെടിവച്ച് നശിപ്പിച്ചതുകൊണ്ട് ഇവയുടെ പെരുപ്പം കുറയ്ക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.
 ഒന്നര വർഷത്തിനിടെ മൂന്ന് മരണം
കാട്ടുപന്നികളുടെ ആക്രണവും വാഹനത്തിലിടിച്ചുണ്ടായ അപകടങ്ങളും കാരണം ഒന്നര വർഷത്തിനിടെ ഈ മേഖലയിൽ മൂന്നു പേരാണ് മരിച്ചത്. ഒരു വർഷം മുമ്പാണ് മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനു സമീപം കരിങ്കയത്ത് റോഡിനു കുറുകെ പാഞ്ഞ പന്നിക്കൂട്ടം ഇടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ കിഴക്കഞ്ചേരി ആലംപള്ളം സ്വദേശിനി വിജീഷ് സോണിയ(36) മരിച്ചത്. ഇതിനു മുമ്പ് ഇതേ സ്ഥലത്തിന് സമീപം മംഗലംഡാം പറശേരി സ്വദേശി വേലു(56) ടാപ്പിംഗ് ജോലിക്കായി ബൈക്കിൽ പോകുമ്പോൾ പന്നിക്കൂട്ടം ആക്രമിച്ച് മരിക്കാനിടയായി. ഒരു വർഷം മുമ്പ് വടക്കഞ്ചേരി ആയക്കാട് വച്ച് ഓട്ടോറിക്ഷയിൽ പന്നിയിടിച്ച് ഡ്രൈവർ വടക്കഞ്ചേരി ചന്തപ്പുര സ്വദേശി ഹക്കീം(49) മരിച്ചിരുന്നു. സമീപകാലത്ത് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവരും നിരവധിയാണ്. കഴിഞ്ഞയാഴ്ച മംഗലംഡാം-പറശേരി റോഡിൽ ചപ്പാത്ത് പാലത്തിനു സമീപം പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്കിൽ യാത്ര ചെയ്ത രണ്ടു വയസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് സാരമായി പരിക്കേറ്റിരുന്നു. രണ്ടുമാസത്തിനിടെ മാത്രം പത്തിലേറെപ്പേർ കാട്ടുപന്നികളുടെ ആക്രമണത്തിനിരയായി. ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷകളുമാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
.