d

പാലക്കാട്: നാടിനെ നടുക്കിയ തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച വിധിപറയും.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (45), പിതാവ് തേങ്കുറുശി കുമ്മാണി പ്രഭുകുമാർ (43) എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2020 ഡിസംബർ 25ന് വൈകീട്ടാണ് സംഭവം. സാമ്പത്തികമായി ഉയർന്ന ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതാണ്. വിവാഹത്തിന്റെ 88ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് അനീഷിനെ കുത്തിക്കൊന്നു. സുരേഷാണ് ഒന്നാംപ്രതി. പ്രഭുകുമാ‌ർ രണ്ടാം പ്രതിയും.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.

പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടിയിട്ടുണ്ട്. പ്രതികൾക്ക് തൂക്കുകയർ നൽകണമെന്നമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.

അച്ഛന് തൂക്കുകയർ വിധിക്കണം


ഇഷ്ടപ്പെട്ട ആൾക്കൊപ്പം ജീവിച്ചതിനാണ് അച്ഛനും അമ്മാവനും തന്നെ ഈ അവസ്ഥയിലാക്കിയത്.തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. പരമാവധി ശിക്ഷയായ തൂക്കുകയർ വിധിക്കുമെന്നാണു കരുതുന്നത്. ഡിസംബറിൽ നാല് വർഷം ആകുന്നു. ഞെട്ടൽ മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ച 10 ലക്ഷം രൂപയ്ക്ക് 3 സെന്റ് സ്ഥലം വാങ്ങി. വീടു വയ്ക്കണം. ജീവിക്കാൻ ജോലി വേണം. പി.എസ്.സി പരിശീലനത്തിലാണ്.

--- പി.ഹരിത


 പ്രണയിച്ച പെൺകുട്ടിക്കൊപ്പം ജീവിക്കാനാണ് മകൻ അപ്പു ശ്രമിച്ചത്. കൂലിപ്പണിയെടുത്താണ് അവനെ വളർത്തിയത്. മകൻ നഷ്ടമായ സങ്കടം മരണം വരെ മാറില്ല. പ്രതികൾക്ക് തൂക്കുകയർ കിട്ടണം. അപ്പു ഞങ്ങൾക്കു തന്നിട്ടു പോയതാണ് ഹരിതമോളെ.

--- കെ.രാധ

അനീഷിന്റെ അമ്മ