വോട്ടിനായി സ്ഥാനാർത്ഥികളുടെ നെട്ടോട്ടം
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് രണ്ടരയാഴ്ച മാത്രം ശേഷിക്കെ രണ്ടാംഘട്ട പ്രചരണത്തിന് തുടക്കംകുറിച്ച് മുന്നണികൾ. മൂന്ന് മുന്നണികൾക്കും പാലക്കാട് അഭിമാനപോരാട്ടമാണ്. സീറ്റ് നിലനിറുത്താൻ യു.ഡി.എഫും സീറ്റ് പിടിക്കാൻ ബി.ജെ.പിയും കഴിഞ്ഞ രണ്ടുതവണ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ പഴി കഴുകിക്കളയാൻ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ എൽ.ഡി.എഫും കളത്തിലിറങ്ങുമ്പോൾ പോരാട്ടത്തിന് ചൂടേറും. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുന്നതിനായി വരുംദിവസങ്ങളിൽ മുന്നണികളുടെ ദേശീയ-സംസ്ഥാന നേതാക്കളുമെത്തും.
 മുഖ്യമന്ത്രി എത്തും
ഇടതുമുന്നണിയുടെ പ്രചാരണത്തിനായി അടുത്തമാസം ഏഴിനും എട്ടിനും മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലുണ്ടാകും. ഏഴിന് രാവിലെ 11ന് കണ്ണാടി, വൈകീട്ട് അഞ്ചിന് മേപ്പറമ്പ്, 6ന് പിരായിരി, എട്ടാംതിയതി രാവിലെ 11ന് മാത്തൂർ, വൈകീട്ട് 5ന് ഒലവക്കോട്, 6ന് സുൽത്താൻപേട്ട എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. മുഖ്യമന്ത്രിക്ക് പുറമെ മറ്റ് മന്ത്രിമാരും പ്രചാരണത്തിനെത്തും. ജില്ലയിലെ മന്ത്രിയായ എം.ബി.രാജേഷിനാണ് ചുമതല.
 യു.ഡി.എഫിന്റെ പ്രചരണത്തിനായി ദേശീയ നേതാക്കളായ കെ.സി.വേണുഗോപാൽ, ദീപദാസ് മുൻഷി, ഡോ. ശശിതരൂർ എം.പി, വി.എം.സുധീരൻ, രമേശ് ചെന്നിത്തല എം.എൽ.എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.വിഷ്ണുനാഥ് എം.എൽ.എ എന്നിവർ മണ്ഡലത്തിലെത്തും.
 എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ നേതാക്കൾ എത്തുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുകൂടാതെ സംസ്ഥാന നേതാക്കളും പ്രചാരണത്തിനായി രംഗത്തുണ്ട്.
 നഗരംനിറയെ ചുവരെഴുത്തുകളും പോസ്റ്ററുകളും
തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചതോടെ നഗരത്തിൽ നിറഞ്ഞ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ. പ്രധാന ഇടങ്ങളിലെ മതിലുകളിലും ചുവരുകളിലും ഇടത്-വലത്, എൻ.ഡി.എ മുന്നണികളുടെ പോസ്റ്ററുകൾ സ്ഥാനംപിടിച്ചു കഴിഞ്ഞു. ഇതിനുപുറമേ വൈദ്യുതി പോസ്റ്റുകളിലും വലിയ മരങ്ങളിലും സ്ഥാനാർത്ഥികളുടെ ചിത്രം തൂങ്ങിക്കിടക്കുന്നുണ്ട്. പോസ്റ്ററുകൾക്കും ഫ്ളക്സ് ബോർഡുകൾക്കും പുറമേ ചുവരെഴുത്തുകളും സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവും വന്നിരുന്നു. അന്നു രാത്രി തന്നെ യു.ഡി.എഫ് ചുവരെഴുത്തും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ എൽ.ഡി.എഫും അല്പം വൈകിയെങ്കിലും എൻ.ഡി.എ സ്ഥാനാർത്ഥിയുടെയും പ്രഖ്യാപനം വന്നതോടെ നഗരത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നങ്ങളും തെളിയുകയായി.