forest

വടക്കഞ്ചേരി: കാട് പിടിച്ച്, വള്ളിപടർപ്പുകൾ മൂടി പ്രവർത്തന രഹിതമായ മലയോര മേഖലകളിലെ സോളാർ വേലികൾ പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ. കിഴക്കഞ്ചേരി പഞ്ചായത്തിൽ വനാതിർത്തികളിലുള്ള സോളാർ വേലികളാണ് പ്രവർത്തന രഹിതമായത്. കണിച്ചിപരുതയിൽ നിന്ന് പാലക്കുഴി മലയിലേക്കുള്ള റോഡിന്റെ അതിർത്തി പങ്കിടുന്ന പീച്ചി വനാതിർത്തിയിലെ ഫെൻസിംഗും വള്ളികൾ പടർന്ന് പ്രവർത്തിക്കുന്നില്ല. ഏത് സമയവും പീച്ചി വനമേഖലയിൽ നിന്ന് ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്താൻ സാധ്യതയുണ്ട്. വാൽകുളമ്പ് പന്തലാംപാടം മലയോരപാതയിൽ പനംകുറ്റിയിലെ പ്രവർത്തനം നിലച്ച ക്വാറി ഭാഗങ്ങൾ കാട് പിടിച്ചതിനാൽ ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം അറിയാൻ സാധിക്കുന്നില്ല. മാസങ്ങൾക്കു മുമ്പ് ദമ്പതികൾ സ്‌കൂട്ടറിൽ പോകവേ ഇവിടെ വച്ചാണ് പുലി വാഹനത്തിനു മുന്നിലേക്ക് ചാടി അപകടമുണ്ടായത്. യഥാസമയങ്ങളിൽ കാടുവെട്ടി തെളിച്ച് സോളാർ ഫെൻസിംഗ് അറ്റകുറ്റപ്പണി നടത്തി ജനങ്ങൾക്ക് സംരക്ഷണം ഉറപ്പ് വരുത്താൻ പഞ്ചായത്ത് അധികൃതരും വനംവകുപ്പും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 ജാഗ്രത സമിതികൾ കാര്യക്ഷമമാക്കണം

പൊന്തക്കാടായി കിടക്കുന്ന വനാതിർത്തികളിലെ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ ഉടമകൾക്ക് നിർദേശം നൽകണം. ഇതിനുള്ള അധികാരം പഞ്ചായത്തുകൾക്കുണ്ട്. പരിചരണമില്ലാത്ത തോട്ടങ്ങൾ വന്യമൃഗങ്ങൾ താവളമാക്കുന്നതു വഴി സമീപത്തെ കൃഷിയിടങ്ങളിലേക്കും ആനകളെത്തുന്ന സ്ഥിതിയുണ്ട്.

വന്യമൃഗശല്യം തടയുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനവും കാര്യക്ഷമമാക്കണം. പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും ഉൾപ്പെട്ടതാണ് ജാഗ്രത സമിതി. സോളാർ ഫെൻസിംഗ് പ്രവർത്തന സജ്ജമാക്കാനും ഫെൻസിംഗിന്റെ പരിസരങ്ങളിൽ കാടു വളരുന്നത് സമയബന്ധിതമായി നീക്കം ചെയ്യാനും രാത്രി യാത്രക്കാർക്ക് വഴിയിൽ വെളിച്ചം ഉറപ്പുവരുത്താനും ജാഗ്രത സമിതിക്ക് സാധിക്കും. നിലവിൽ സമിതി സജീവമല്ല.

ഫണ്ടില്ലാത്തതാണ് ഫെൻസിംഗ് ജോലികൾക്ക് തടസമാകുന്നതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പ്രതിഫലം നൽകാൻ വഴിയില്ലാത്തതിനാൽ താത്കാലിക ജീവനക്കാരായ വാച്ചർമാരെ പിരിച്ചുവിടുകയാണ്. വനാതിർത്തികളിലൂടെ നടന്ന് ഫെൻസിംഗ് പ്രവർത്തിപ്പിക്കുന്നതും നാട്ടിൽ ആനയിറങ്ങിയാൽ ഓടിക്കാൻ മുൻകയ്യെടുക്കുന്നതുമെല്ലാം വാച്ചർമാരാണ്. ഇവരെ പിരിച്ചുവിട്ടാൽ വന്യമൃഗശല്യം നാട്ടിൽ രൂക്ഷമാകുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.