 
ചിറ്റൂർ: കിഴക്കൻ മേഖലയായ കൊഴിഞ്ഞാമ്പാറയിൽ നിന്ന് പൊലീസ് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ പാറൂമ്മൻ ചള്ളയിൽ എം.രങ്കനാഥൻ(20), കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ ആർ.രഞ്ജിത്ത് (30) എന്നിവരെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രങ്കനാഥന്റെ വീട്ടിൽ നിന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് സ്പിരിറ്റ് പിടികൂടിയത്. വീട്ടിലെ വാട്ടർടാങ്കിൽ കന്നാസുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 35 ലിറ്ററിന്റെ 36 കന്നാസുകൾ ഉണ്ടായിരുന്നു. രങ്കനാഥനെയും രഞ്ജിത്തിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒന്നരമാസത്തിനിടെ മേഖലയിലെ രണ്ടാമത്തെ വലിയ സ്പിരിറ്റ് വേട്ടയാണിത്. ആഗസ്റ്റ് 30ന് എരുത്തേമ്പതി എല്ലപ്പട്ടാംകോവിലിലെ തെങ്ങിൻ തോപ്പിൽ നിന്ന് 2800 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടിയിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസ്, മീനാക്ഷിപുരം സി.ഐ. എം.ശശിധരൻ, കൊഴിഞ്ഞാമ്പാറ സി.ഐ എം.ആർ.അരുൺകുമാർ, എസ്.ഐ ബി.പ്രമോദ്, ഗ്രേഡ് എസ്.ഐമാരായ എം.മുഹമ്മദ് റാഫി, എം.നാസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ഹരിദാസ്, ബി.സഞ്ജു, ആർ.രതീഷ്, സി.രവീഷ്, സി.പി.ഒ മാരായ കെ.കവിത സി.എം.ബാലകൃഷ്ണൻ, എം.അബു താഹീർ, സി.വി.ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് കണ്ടെടുത്തത്.