 
മുതലമട: കേരളത്തിന്റെ മാംഗോ സിറ്റിയായ മുതലമടയിൽ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം തകൃതിയായി നടക്കുന്നു. രാവിലെ 5 മണി മുതൽ മിനി ലോറികളിലും പിക്കപ്പ് വാനുകളിലും ആയിരം ലിറ്റർ മുതൽ 5000 ലിറ്റർ വരെയുള്ള കൂറ്റൻ ടാങ്കുകൾ നിറച്ച് കീടനാശിനികൾ കലക്കി ആയിരക്കണക്കിന് തൊഴിലാളികളാണ് മാവിൻ തോട്ടങ്ങളിൽ എത്തുക. തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരാണ്. കിടനാശിനി പ്രയോഗിക്കുമ്പോൾ വേണ്ടവിധത്തിലുള്ള സുരക്ഷ സംവിധാനങ്ങൾ മിക്കവരും ഉപയോഗിക്കാറില്ല.
പത്തിചിറ കാടംകുറിശ്ശിയിൽ കഴിഞ്ഞ ദിവസം പ്രയോഗിച്ച കീടനാശിനി കടുത്ത ദുർഗന്ധം ഇയർത്തി. ജനവാസ മേഖലയിലും റോഡിന് ഇരുവശത്തുമുള്ള സ്വകാര്യമാവിൻ തോട്ടങ്ങളിലാണ് കടുത്ത ദുർഗന്ധമുള്ള കീടനാശിനി തളിച്ചത്. തോട്ടങ്ങളിൽ കലക്കിയ കീടനാശിനികൾ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഗോവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ വിവിധ പേരുകളിലുള്ള കീടനാശിനികൾ സുലഭമാണ്. അതിർത്തിക്കപ്പുറം ആയതിനാൽ സംസ്ഥാന സർക്കാരിനോ കൃഷിവകുപ്പിനോ പരിശോധിക്കാനുള്ള അധികാരമില്ല.
 ഒരു മാവിൽ കീടനാശിനി പ്രയോഗം 15 തവണ
സെപ്തംബറിലാണ് കർഷകർ മാവിന് തടമെടുത്ത് തുടങ്ങുക. ഇതിനൊപ്പം മണ്ണിനാണ് ആദ്യഘട്ടമരുന്ന് പ്രയോഗം നടത്തുന്നത്. അവിടെ തുടങ്ങുന്നതാണ് കീടനാശിനി പ്രയോഗം. കൽട്ടാർ എന്ന പൊതുവേ അറിയുന്ന കീടനാശിനിയാണ് മണ്ണിന് നൽകുന്നത്. ഇതിന് 90 ദിവസത്തിന് ശേഷം മാവുകൾ പൂവിടാനും മാങ്ങ വളരുവാനും തുടങ്ങും. തുടർന്നുള്ള കീടങ്ങളെ ചെറുക്കാനാണ് വിവിധതരം കീടനാശിനികൾ പ്രയോഗിക്കുന്നത്. ഒരു ദിവസം രണ്ടു തൊഴിലേളികൾ രണ്ടേക്കറോളം മാവിൻ തോട്ടങ്ങൾ കീടനാശിനി പ്രയോഗിക്കും.
അനിയന്ത്രിത കീടശല്യവും കാലാവസ്ഥാ വ്യതിയാനവുമാണ് മാവ് കർഷകരെ അശാസ്ത്രീയ കീടനാശിനി പ്രയോഗത്തിലേക്ക് നയിക്കുന്നത്. പൂവിട്ട് 80 മുതൽ 105 ദിവസത്തിനുള്ളിൽ കായ്ക്കുന്ന മാവിന് കീടശല്യ പ്രതിരോധത്തിനും മറ്റുമായി പത്തു മുതൽ 15 തവണ വരെ കീടനാശിനി തളിക്കാറുണ്ട് എന്നാണ് സൂചന. മുതലമടയിലെ ജനവാസ മേഖലയിൽ കീടനാശിനികൾ പ്രയോഗിക്കുന്നതു തടയണമെന്ന് ചൂണ്ടിക്കാട്ടി കൃഷി വകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.