 
നെന്മാറ: നീണ്ട കാത്തിരിപ്പിനൊടുവിൽ പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു. വിവിധ പാടശേഖര സമിതികൾക്ക് രണ്ടാംവിള നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായാണ് കനാലുകളുടെ അറ്റകുറ്റപണികൾ ആരംഭിച്ചത്. മുമ്പ് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി തൊഴിലാളികളെ ഉപയോഗിച്ചാണ് കനാൽ വൃത്തിയാക്കിയിരുന്നത്. എന്നാൽ ഇത്തവണ ജലസേചന വകുപ്പ് ഫണ്ട് ഉപയോഗിച്ചാണ് ഇടത് വലതു കനാലുകളും ഉപകനാലുകളും വൃത്തിയാക്കുന്നത്. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ചാണ് മണ്ണും ചെളിയും നീക്കുന്നതും കാടുതെളിക്കലും നടത്തുന്നത്. നവംബർ പത്താം തിയതിയാണ് പോത്തുണ്ടി കനാലുകൾ തുറക്കുന്നത്. 55 അടി സംഭരണ ശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 53.6 അടി വെള്ളമുണ്ട്. സമയബന്ധിതമായി ജലവിതരണം നടത്തുന്നതിന് ഉൾപ്രദേശങ്ങൾക്കായി കാട കനാലുകളും വൃത്തിയാക്കി തുടങ്ങി. മഴയുടെ നില അനുസരിച്ചായിരിക്കും കനാലുകൾ തുറക്കുക. രണ്ടാം വിള നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം പോത്തുണ്ടി ഡാമിൽ ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.