
മണ്ണാർക്കാട്: ശക്തമായ വിഭാഗീയതയെ തുടർന്ന് പിരിച്ചുവിട്ട മണ്ണാർക്കാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ പ്രധാന ലോക്കൽ കമ്മിറ്റിയായ മണ്ണാർക്കാട് പി.കെ.ശശിയുടെ എതിർവിഭാഗത്തിന് വിജയം. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ.ശശിക്കെതിരെ പാർട്ടി നടപടിക്ക് കാരണമായ പരാതി നൽകിയവരിൽ പ്രധാനിയായ കെ. മൻസൂറാണ് പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഐക്യകണ്‌ഠേനയാണ് മൻസൂറിനെ തിരഞ്ഞെടുത്തത്. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ കൂടിയാണ് മൻസൂർ. പി.കെ.ശശിയുടെ പ്രധാന തട്ടകമായിരുന്നു മണ്ണാർക്കാട് ഏരിയ കമ്മിറ്റി. എന്നാൽ ഇരുപക്ഷവും തമ്മിലുള്ള വടംവലി ശക്തമായതിനെ തുടർന്നാണ് പി.കെ.ശശിക്ക് ഭൂരിപക്ഷമുള്ള ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെയുള്ള ലോക്കൽ കമ്മിറ്റിയും പി.കെ. ശശിക്കൊപ്പമായിരുന്നു. ശോഭൻകുമാർ, കെ.പി.മസൂദ്, കെ.പി.ജയരാജ്, കെ.സുരേഷ്, പി.കെ.ഉമ്മർ, ഹസൻ മുഹമ്മദ്, മുഹമ്മദ് ബഷീർ, അജീഷ്‌കുമാർ, സി.കെ.പുഷ്പാനന്ദ്, വത്സലകുമാരി, ഹരിലാൽ, ഒ.സാബു, റഷീദ് ബാബു, മുഹമ്മദ് അഷ്റഫ്, ജി.പി.രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മറ്റു 16 അംഗ ലോക്കൽ കമ്മിറ്റി അംഗങ്ങൾ.
ജില്ലാ കമ്മിറ്റിയംഗം ടി.എൻ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി.റിയാസുദ്ദീൻ, യു.ടി.രാമകൃഷ്ണൻ, ഏരിയകമ്മിറ്റി അംഗം ടി.ആർ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നഗരസഭയിലെ നിലവിലുള്ള ഭരണസമിതിയുടെ ജനവിരുദ്ധ നടപടികളും മനോഭാവവും അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതിപ്രകാരം ഒരൊറ്റവീടുകൾക്കുപോലും ധനസഹായം അനുവദിച്ചിട്ടില്ല. വീട്ടുനികുതി പരിഷ്‌കരണത്തിന്റെ പേരിൽ നഗരവാസികളെ ബുദ്ധിമുട്ടിക്കുകയാണ് ഉദ്യോഗസ്ഥരും. ഇത്തരം പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.