k

പാലക്കാട്: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപി നടത്തിയ വെല്ലുവിളിക്കും അസഭ്യവാക്കുകളോടും പ്രതികരിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സുരേഷ് ഗോപിയുടെ അസഭ്യത്തിന് മറുപടിയില്ല. ആ പ്രയോഗത്തിന് അതിന്റെ അപ്പുറത്തെ അസഭ്യമാണ് പറയേണ്ടത്. സുരേഷ് ഗോപിക്കുള്ള മറുപടി വി.ഡി.സതീശൻ പറഞ്ഞാൽ മതി. കൽപ്പാത്തി രഥോത്സവം കലങ്ങാൻ ഒരുതരത്തിലും അനുവദിക്കില്ല.

കെ.മുരളീധരനെ നിയമസഭയിൽ എത്തിക്കുക എന്നത് വി.ഡി.സതീശൻ ഉദ്ദേശിക്കുന്ന കാര്യമേയല്ല. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ കൊതിച്ചുനടക്കുന്നവർ അഞ്ചോ ആറോ പേരുണ്ടാവും. അതിലൊരാളാണ് മുരളീധരൻ. അതുകൊണ്ട് മുരളീധരൻ നിയമസഭയിലേക്ക് വരുന്നത് സതീശനിഷ്ടമല്ല. പാലക്കാട്ട് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി മൂന്നാംസ്ഥാനത്തേ എത്തൂ. പാലക്കാട്ട് സി.പി.എം വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.